വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം നാളെ ഫ്ലോറിഡയിൽ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിനായി ഇന്ത്യ തയാറെടുത്തു കഴിഞ്ഞു. അമേരിക്കയിലെ ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ നടക്കുക.
പരമ്പരയിലെ നാലാം മത്സരം നാളെ അരങ്ങേറുമ്പോൾ ഞായറാഴ്ച്ച വിൻഡീസിനെതിരായ പരമ്പരയിലെ അവസാന മത്സരവും ഇതേ വേദിയില്‍ നടക്കും. മത്സരങ്ങള്‍ക്കായി ഇരു ടീമുകളും ഇന്നലെ തന്നെ അമേരിക്കയിലെ മിയാമിയില്‍ എത്തിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം വിന്‍ഡീസ് ജയിച്ചു. മൂന്നാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടു നില്‍ക്കുകയാണിപ്പോള്‍.
നാളെ ഫ്ലോറിഡയിൽ നടക്കുന്ന നാലാം മത്സരം ജയിച്ചാല്‍ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാനാവും. ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ പിച്ചിന്‍റെ പ്രവചനാതീത സ്വഭാവം മത്സരത്തെ ആവേശകരമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. മത്സരം അമേരിക്കയിലാണെങ്കിലും സംപ്രേഷണ സമയത്തില്‍ മാറ്റമില്ലെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.






































