ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ തീരുമാനിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ
ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ തീരുമാനിച്ച് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. 2012-ലെ അന്താരാഷ്ട്ര അരങ്ങേറ്റം മുതൽ പരിമിത ഓവർ ക്രിക്കറ്റിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരിൽ ഒരാളായി മാറിയ മാക്‌സ്‌വെല്ലിന് ഇതുവരെ ടെസ്റ്റിൽ കാര്യമായി തിളങ്ങാനായിട്ടില്ല.
മിഡിൽ ഓർഡറിലെ പവർ ഹിറ്റിംഗ് ടെക്നിക്കുകളും വലംകൈ ഓഫ് ബ്രേക്കിലൂടെ ബോളിംഗിലും മികച്ച സംഭാവ നൽകാൻ കഴിവുള്ള മാക്‌സ്‌വെല്ലിന്റെ ടെസ്റ്റിലേക്കുള്ള മടങ്ങി വരവ് ഓസീസിന് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. തന്റെ റെഡ് ബോൾ കരിയർ പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും അടുത്ത വർഷം ആദ്യം ഇന്ത്യയിൽ നടക്കുന്ന നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ കളിക്കുക എന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്നുമാണ് താരം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
2016/17 സീസണിൽ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിൽ പര്യടനം നടത്തിയ ഓസ്‌ട്രേലിയൻ ടീമിന്റെ ഭാഗമായിരുന്നു മാക്‌സ്‌വെൽ. റാഞ്ചിയിൽ നടന്ന മൂന്നാം മത്സരത്തിൽ ഉജ്ജ്വലമായ ഇന്നിംഗ്‌സിലൂടെ 104 റൺസ് നേടി നിർണായകമാവുകയും ചെയ്‌തു. അന്ന് നാല് മത്സരങ്ങളുടെ പരമ്പര 1-1 ന് നിലനിർത്താനും ഈ ഇന്നിംഗ്‌സിലൂടെ സാധിച്ചിരുന്നു.
2013-ൽ അരങ്ങേറ്റം കുറിച്ച വിക്ടോറിയ ക്രിക്കറ്റ് താരം ഓസ്‌ട്രേലിയയ്‌ക്കായി ഏഴ് ടെസ്റ്റുകൾ മാത്രമേ കളിച്ചിട്ടുള്ളൂ. കൂടാതെ 26.08 ശരാശരിയിൽ 339 റൺസ് മാത്രമാണ് മാക്‌സ്‌വെല്ലിന് നേടായിരിക്കുന്നത്. കൂടാതെ 4.43 എന്ന ഇക്കോണമിയിൽ എട്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്. 2017 സെപ്തംബർ മുതൽ മാക്‌സ്‌വെൽ ഓസീസിന്റെ ടെസ്റ്റ് ടീമിന്റെ ഭാഗമല്ല.






































