സസെക്സുമായി ഒരു വർഷത്തെ കരാർ നീട്ടി ജോഫ്ര ആർച്ചർ
സസെക്സുമായി ഒരു വർഷത്തെ കരാർ നീട്ടി ഇംഗ്ലണ്ടിന്റെ പേസ് സെൻസേഷൻ ജോഫ്ര ആർച്ചർ. 2023 സീസൺ അവസാനം വരെ കൗണ്ടിയിൽ തുടരും വിധമാണ് പുതിയ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. 2016-ൽ കൗണ്ടിയിൽ അരങ്ങേറ്റം കുറിച്ച ആർച്ചർ 43 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 24.9 ശരാശരിയിൽ 181 വിക്കറ്റുമായി ശ്രദ്ധേയമായ റെക്കോർഡിന് ഉടമയാണ്.
കൈമുട്ടിന് പരിക്കേറ്റ് വളരെക്കാലമായി ക്രിക്കറ്റ് മൈതാനത്തു നിന്നും വിട്ടുനിൽക്കുകയാണ് നിലവിൽ ജോഫ്ര ആർച്ചർ. സ്ഥിരമായി 150/Kmph ന് മുകളിൽ വേഗത സൃഷ്ടിക്കാനുള്ള താരത്തിന്റെ കഴിവും സ്ഥിരതയുമാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായി ആർച്ചർ മാറാൻ കാരണം.
നിലവിൽ പരിക്കിന്റെ പിടിയിലാണെങ്കിലും ഉടൻ തന്നെ ക്രിക്കറ്റിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സസെക്സുമായുള്ള കരാർ നീട്ടിയതിൽ സന്തോഷമുണ്ടെന്നും ആർച്ചർ പറഞ്ഞു. ടീമിലേക്ക് ഉടൻ തിരിച്ചുവരുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും കരാർ പുതുക്കിയതിനു ശേഷം താരം വ്യക്തമാക്കി. ആർച്ചറിനെ പോലെ നിലവാരമുള്ള ഒരു കളിക്കാരൻ കൗണ്ടിയിൽ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം വളരെ പ്രധാനമാണെന്ന് സസെക്‌സ് ഹെഡ് കോച്ച് ഇയാൻ സാലിസ്‌ബറിയും പ്രതികരിച്ചു.






































