സന്ദേശ് ജിങ്കാനെ കൈവിട്ട് എടികെ മോഹന്‍ ബഗാന്
ഐഎസ്എല്ലില്‍ പ്രതിരോധനിരയിലെ കരുത്തനായ സന്ദേശ് ജിങ്കാനെ കൈവിട്ട് മുന്‍ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന്. താരം ക്ലബ്ബ് വിട്ട കാര്യം എടികെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടുത്ത സീസണില്‍ ജിങ്കാന് എത് ക്ലബ്ബിനാണ് കളിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തയില്ല.
ബെംഗളൂരു എഫ്സി അടക്കമുള്ള ടീമുകള്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്‍ നായകന് കൂടിയായിരുന്ന ജിങ്കാനില്‍ താല്പര്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഐഎസ്എല്‍ സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും ജിങ്കാന് എടികെക്കായി കളിക്കാനായിരുന്നില്ല. ഐഎസ്എല്ലിനിടെ ക്രൊയേഷ്യന്‍ ലീഗില്‍ കളിക്കാന്‍ പോയ ജിങ്കാന് പരിക്കിനെത്തുടര്‍ന്ന് തിളങ്ങാനായില്ല.
കേരളാ ബ്ലാസ്റ്റേഴ്സ്നെതിരായ മത്സരത്തിലെ സമനിലക്കുശേഷം ഗ്രൗണ്ട് വിടവെ ജിങ്കാന് നടത്തിയ സെക്സിസ്റ്റ് പരമാര്‍ശം വന്‍ വിവാദമായതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർ താരത്തിനെതിരെ രംഗത്തു വന്നതിനാൽ മഞ്ഞപ്പടയിലേക്കുള്ള തിരിച്ചുവരവിനും സാധ്യതയില്ല.
ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം മടങ്ങുമ്പോൾ ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം എന്ന തരത്തിലായിരുന്നു മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായിരുന്ന ജിങ്കാന്റെ പരാമർശം. തുടർന്ന് കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് ടീമിനെയും സ്ത്രീകളെയും താരം അവഹേളിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
തുടർന്ന് ബ്ലാസ്റ്റേഴ്സ് ആരാധകരെല്ലാം ജിങ്കാന് പൊങ്കാലയുമായി സമൂഹമാധ്യങ്ങളിലെത്തി. ഇതിനിടെ തനിക്കു സംഭവിച്ച പിഴവിന്റെ പേരിൽ lതാരം പിന്നീട് മാപ്പും പറഞ്ഞിരുന്നു.






































