ഇന്ത്യ വിൻഡീസ് ആദ്യ ടി20 ഇന്ന്, രാഹുലിന് പകരം സഞ്ജു സ്ക്വാഡിൽ
ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടി20 പരമ്പരയിലും വിജയത്തുടക്കമിടാന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം 10.30നും ഇന്ത്യന്‍ സമയം എട്ടു മണിക്കുമാണ് മത്സരം തുടങ്ങുക. ഇന്ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
കോവിഡ് ബാധിതനായ കെ.എല്‍.രാഹുലിന് പകരക്കാരനായിട്ടാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നാണ് സൂചന. ബിസിസിഐ ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവരുടെ വെബ്സൈറ്റില്‍ ട്വന്റി20 ക്കുള്ള സ്ക്വാഡില്‍ സഞ്ജുവും ഇടംപിടിച്ചിട്ടുണ്ട്.
ഏകദിനങ്ങളില്‍ ഇല്ലാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് തുടങ്ങിയവര്‍ ട്വന്റി 20 പരമ്പരയിൽ തിരിച്ചെത്തിയിട്ടുണ്ട്. അഞ്ചു മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉള്ളത്. ആദ്യ മൂന്ന് മത്സരങ്ങളും വിന്‍ഡീസിലും അവസാന രണ്ട് മത്സരങ്ങളും അമേരിക്കയിലുമാണ് നടക്കുക.






































