വിരമിക്കൽ പിൻവലിച്ചേക്കും, ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നുവെന്ന സൂചന നൽകി മിതാലി രാജ്
വിരമിക്കല്‍ പിന്‍വലിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നുവെന്ന സൂചന നൽകി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനായ മിതാലി രാജ്. ബിസിസിഐ വനിതാ ഐപിഎല്‍ ആരംഭിച്ചാല്‍ വിരമിക്കല്‍ പിന്‍വലിച്ച ആദ്യ സീസണില്‍ കളിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും താരം പറഞ്ഞു.
വനിതാ ഐപിഎല്ലിന് ഇനിയും ഏതാനും മാസങ്ങളുണ്ട്. എങ്കിലും വനിതാ ഐപിഎല്ലിന്‍റെ ആദ്യ സീസണില്‍ കളിക്കുന്നത് രസകരമായിരിക്കുമെന്നും ഐസിസി പോഡ്കാസ്റ്റില്‍ മിതാലി പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ജീവിതത്തിന്‍റെ വേഗം കുറഞ്ഞുവെന്നും മിതാലി പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിനത്തിന് പിന്നാലെ കൊവിഡ് പിടിപെട്ടു. അതില്‍ നിന്ന് മുക്തയായശേഷം തന്‍റെ ജീവിതകഥ പറയുന്ന സബാഷ് മിത്തു എന്ന ചിത്രത്തിന്‍റെ ഏതാനും പ്രമോഷണല്‍ പരിപാടികളില്‍ മാത്രമാണ് പങ്കെടുത്തത്.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ജൂണ്‍ എട്ടിനാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 1999ല്‍ തന്‍റെ 16-ാം വയസില്‍ ഏകദിന അരങ്ങേറ്റത്തില്‍ പുറത്താകാതെ 114 റണ്‍സ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം ആഘോഷിച്ചത്.






































