അലൻ സെന്റ്-മാക്സിമിനെ ടീമിലെത്തിക്കാൻ താത്പര്യം അറിയിച്ച് ചെൽസി
ന്യൂകാസിൽ യുണൈറ്റഡിന്റെ അലൻ സെന്റ്-മാക്സിമിനെ സൈൻ ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ചെൽസി അന്വേഷിച്ചതായി റിപ്പോർട്ടുകൾ. സൂപ്പർ താരം റൊമേലു ലുക്കാക്കു ഇന്റർ മിലാനിലേക്ക് പോയതിനാൽ സ്റ്റാംഫോർഡ് ബ്രിഡ്‌ജ് ടീമിന്റെ മുന്നേറ്റ നിരയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ പരിശീലകൻ തോമസ് ടുഷേൽ ആഗ്രഹിക്കുന്നതിന്റെ ഫലമായാണ് ന്യൂകാസിൽ വിങറിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചത്.
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് റഹീം സ്റ്റെർലിംഗിന്റെ 50 മില്യൺ പൗണ്ട് മുടക്കി ടീമിലെത്തിച്ചതിന് പിന്നാലെയാണ് അലൻ സെന്റ്-മാക്സിമിനെയും ടീമിൽ എത്തിക്കാനുള്ള താത്പര്യം ചെൽസി അറിയിച്ചത്. ലണ്ടൻ എതിരാളികളായ ടോട്ടൻഹാമിനും ഫ്രഞ്ച് താരത്തെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ താത്പര്യമുണ്ട്. എന്നാൽ ലണ്ടൻ ക്ലബ്ബുകളൊന്നും മാക്സിമിനായി മാഗ്‌പീസ് ആവശ്യപ്പെടുന്ന 40 മില്യൺ പൗണ്ട് (48 മില്യൺ ഡോളർ) നൽകാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ട്.
25 അലൻ സെന്റ്-മാക്സിമിൻ കഴിഞ്ഞ സീസണിൽ 35 പ്രീമിയർ ലീഗ് മത്സരങ്ങളിലാണ് ന്യൂകാസിലിനായി ബൂട്ടുകെട്ടിയത്. എഡ്ഡി ഹൗവിന്റെ ഇഷ്ടപ്പെട്ട ശൈലിയിൽ താൻ യോജിച്ചേക്കില്ലെന്ന് അഭിപ്രായപ്പെട്ട വിമർശകർക്ക് ശക്തമായ മറുപടി നൽകുന്ന പ്രകടനമാണ് താരം കാഴ്ച്ചവെച്ചതും. അഞ്ച് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായിരുന്നു പോയ സീസണിലെ താരത്തിന്റെ സമ്പാദ്യം.






































