സന്ദേശ് ജിങ്കന് വീണ്ടും ക്ലബ് മാറ്റത്തിന് ഒരുങ്ങുന്നതായി വാർത്തകൾ
എടികെ മോഹന്‍ ബഗാന് താരം സന്ദേശ് ജിങ്കന് വീണ്ടും ക്ലബ് മാറ്റത്തിന് ഒരുങ്ങുന്നതായി വാർത്തകൾ. ഐഎസ്എല്‍ ആദ്യ സീസണ് മുതല്‍ കേരള ബ്ലാസ്റ്റേഴ്സിനായി 78 മത്സരങ്ങളില്‍ കളിച്ച ജിങ്കാന്, 2020 സീസണിന് ഒടുവിലാണ് മഞ്ഞപ്പടയിൽ നിന്നും കൂടുമാറി ബഗാനിലെത്തിയത്.
ഇപ്പോൾ ഈസ്റ്റ് ബംഗാള്‍, ബംഗളുരു എഫ്സി ടീമുകളില്‍ ഒന്നിലേക്ക് ജിങ്കൻ മാറുമെന്നാണ് സൂചന. ഈസ്റ്റ് ബംഗാളിനാണ് മേല്‍ക്കൈ എന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിരോധതാരം ക്ലബുവിട്ടാൽ എടികെയ്ക്ക് അതൊരു തിരിച്ചടിയാവും. കഴിഞ്ഞ ദിവസം ഫിജിയന്‍ താരം റോയ് കൃഷ്ണയും എടികെയോട് വിടപറഞ്ഞിരുന്നു. ബെംഗളൂരു എഫ്സിയിലേക്കാണ് കൃഷ്ണ ചേക്കേറിയിരിക്കുന്നത്.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കൊപ്പം റോയ് കൃഷ്ണ കൂടി എത്തുന്നതോടെ രണ്ടാം ഐഎസ്എല്‍ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബെംഗളുരൂ എഫ്സിക്ക് ഇത്തവണ പുത്തൻ താരങ്ങളുടെ വരവ് കരുത്താവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.






































