കോലിയെ പിന്തുണക്കാനുള്ള കാരണം വ്യക്തമാക്കി പാകിസ്ഥാൻ നായകൻ ബാബര്‍ അസം
വിരാട് കോലിയെ പിന്തുണക്കാനുള്ള കാരണം വ്യക്തമാക്കി പാകിസ്ഥാൻ നായകൻ ബാബര്‍ അസം. കളിക്കാരനെന്ന നിലയില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമെന്നും അപ്പോഴുള്ള മാനസികാവസ്ഥ എന്തായിരിക്കുമെന്നും നല്ലപോലെ മനസിലാവുന്ന ആളാണ് താനെന്ന് ബാബര്‍ പറഞ്ഞു. അത്തരം സമയങ്ങളില്‍ പിന്തുണയാണ് നമുക്ക് വേണ്ടത്. അതുകൊണ്ടാണ് കോലിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തതെന്നാണ് താരം വ്യക്തമാക്കിയത്.
വിരാട് കോലി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണെന്നും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബാബർ അസം ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകിയത്. പ്രതിസന്ധികാലം കടന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള താരമാണ് കോലിയെന്നും ബാബര്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും നിരാശപ്പെടുത്തിയതിന് പിന്നാലെ കോലിയെ പിന്തുണച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്ത് എത്തിയിരുന്നെങ്കിലും മുൻതാരങ്ങളടക്കം വിരാടിനെതിരെ സ്വരം ഉയർത്തി തുടങ്ങിയിട്ടുണ്ട്. എന്നാൽ കോലിയെപ്പോലൊരു കളിക്കാരന് ഫോമിലേക്ക് മടങ്ങാന്‍ ഒന്നോ രണ്ടോ മികച്ച ഇന്നിംഗ്സുകള്‍ മതിയെന്നും ക്രിക്കറ്റിനെ കുറിച്ച് അറിയുവ്വനരും അത്തരത്തിലെ ചിന്തിക്കൂവെന്നും രോഹിത് തുറന്നു പറഞ്ഞു.






































