2022 വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് മാറ്റിയോ ബെരാറ്റിനി
2022 വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ഇറ്റാലിയന്‍ ടെന്നീസ് താരം മാറ്റിയോ ബെരാറ്റിനി. കൊവിഡ്-19 ബാധിതനായതിനെ തുടർന്നാണ് ടൂർണമെന്റ് ഉപേക്ഷിക്കാൻ കാരണമായതെന്ന് താരം വ്യക്തമാക്കി. 2021 വിംബിൾഡൺ റണ്ണറപ്പും ഈ വർഷത്തെ ടൈറ്റിൽ ഫേവറിറ്റും കൂടിയാണ് ബെരാറ്റിനി. ലണ്ടനിലെ കോര്‍ട്ട് ഒന്നില്‍ ഒന്നാം റൗണ്ട് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.
മുന്‍ ഫൈനലിസ്റ്റും മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനുമായ മാരിന്‍ സിലിക്ക് കൊവിഡ്-19 കാരണം പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ബെരാറ്റിനിയുടെയും പിന്മാറ്റമെന്നത് ടൂർണമെന്റിന് തിരിച്ചടിയായേക്കും. നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ചിന് ഏറ്റവും വലിയ ഭീഷണിയായി കരുതപ്പെട്ടിരുന്ന താരം കൂടിയാണ് ബെറെറ്റിനി. സ്റ്റട്ട്ഗാർട്ടിലും ക്വീൻസിലും തുടർച്ചയായി ഗ്രാസ് കോർട്ട് കിരീടങ്ങൾ നേടിയിട്ടുള്ള കളിക്കാരനാണ് മാറ്റിയോ ബെരാറ്റിനി.






































