സ്കോട്ട്ലൻഡ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി റിച്ചി ബെറിംഗ്ടണിനെ തെരഞ്ഞെടുത്തു
ബാറ്റിംഗ് താരം റിച്ചി ബെറിംഗ്ടണിനെ സ്കോട്ട്ലൻഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നായകസ്ഥാനത്തു നിന്നും പിൻമാറിയ കൈൽ കോറ്റ്സറിന് പകരക്കാരനായാണ് റിച്ചിയെ പുതിയ നായകനായി നിയമിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ ജനിച്ച 35 കാരനായ റിച്ചി ബെറിംഗ്ടൺ സ്കോട്ട്ലൻഡിനായി ഏറ്റവുമധികം ടി20, ഏകദിന മത്സരങ്ങൾ കളിച്ച താരമാണ്.
കൂടാതെ ചില അവസരങ്ങളിൽ കോറ്റ്സറിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്നു റിച്ചി ബെറിംഗ്ടൺ. ജൂലൈ 10-ന് ആരംഭിക്കുന്ന നേപ്പാൾ, നമീബിയ ടീമുകളുമായി വരാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയായിരിക്കും റിച്ചിയുടെ ആദ്യ ദൌത്യം. 2006-ൽ ശ്രീലങ്കയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ടീമിലും 2015-ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിലും ബെറിംഗ്ടൺ അംഗമായിരുന്നു.
2008 ജൂലൈയിൽ അയർലൻഡിനെതിരെ ആബർഡീനിൽ വെച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം അതിനുശേഷം 92 ഏകദിനങ്ങളിലും 74 ടി20 മത്സരങ്ങളിലും കളിച്ചു. രണ്ട് ഫോർമാറ്റുകളിലുമായി 154 ഇന്നിംഗ്സുകളിൽ നിന്ന് 32-ന് അടുത്ത് ശരാശരിയിൽ 4,189 റൺസും 98 ഇന്നിംഗ്സുകളിൽ നിന്ന് 60 വിക്കറ്റും റിച്ചി നേടിയിട്ടുണ്ട്.






































