സിപിഎല്ലിൽ പുതിയ 10 ഓവർ ടൂർണമെന്റിന് തുടക്കമാവുന്നു
കരീബിയൻ പ്രീമിയർ ലീഗിന്റെ പത്താം പതിപ്പ് ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കും. എന്നാൽ പ്രധാന ടൂർണമെന്റിന് തൊട്ടുമുമ്പ് സിപിഎൽ ദി സിക്‌സ്റ്റി എന്ന പേരിൽ ഒരു ടി10 ലീഗിന് കൂടി തുടക്കമാകുമെന്ന പ്രഖ്യാപനവും എത്തിയിരിക്കുകയാണ്. ആഗസ്റ്റ് 24 മുതൽ 28 വരെ സെന്റ് കിറ്റ്‌സിൽ നടക്കുന്ന സിക്‌സ്റ്റിയുടെ ഉദ്ഘാടന പതിപ്പിൽ ആറ് പുരുഷ സിപിഎൽ ടീമുകളും മൂന്ന് വനിതാ ടീമുകളും പങ്കെടുക്കും.
ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസുമായി സഹകരിച്ചാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ടി10 ലീഗുകൾ ഒരു പുതിയ പ്രതിഭാസമല്ലെങ്കിലും മത്സരത്തിന്റെ ഉദ്ഘാടന പതിപ്പിനായി നിരവധി പുതിയ നിയമങ്ങൾ അവതരിപ്പിച്ചതിനാൽ സിക്സ്റ്റി മറ്റേതൊരു ലീഗിനെക്കാളും വ്യത്യസ്തമായിരിക്കുമെന്നതാണ് പ്രത്യേകത.
ടീമുകൾക്ക് പത്ത് വിക്കറ്റിന് പകരം ആറ് വിക്കറ്റുകൾ മാത്രമേ അനുവദിക്കൂ. ബാറ്റിംഗ് ടീം ആദ്യ രണ്ട് ഓവർ പവർപ്ലേയിൽ രണ്ട് സിക്സറുകൾ അടിക്കാൻ കഴിഞ്ഞാൽ ഒരു ഫ്ലോട്ടിംഗ് മൂന്നാമത്തെ പവർപ്ലേ അൺലോക്ക് ചെയ്യപ്പെടും. ഓരോ ഓവറിന് ശേഷവും സൈഡ് മാറ്റുന്നതിനു പകരം ഒരേ സൈഡിൽ നിന്ന് തുടർച്ചയായി അഞ്ച് ഓവറുകൾ എറിയാൻ ബോളിംഗ് ടീമിനെ അനുവദിക്കും.
നിശ്ചിത സമയമായ 45 മിനിറ്റിനുള്ളിൽ പത്ത് ഓവർ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടാൽ ഇന്നിംഗ്സിന്റെ അവസാന ആറ് പന്തുകൾക്കായി ഒരു ഫീൽഡറെ നീക്കം ചെയ്യുകയും ചെയ്യും. ‘മിസ്റ്ററി ഹിറ്റിനായി’ വോട്ട് ചെയ്യാൻ കഴിയുന്നതിനാൽ ആരാധകരും ഗെയിമുകളിൽ പങ്കാളികളാകും.






































