രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുരളി വിജയ് തിരിച്ചെത്തുന്നു, തമിഴ്നാട് പ്രീമിയർ ലീഗിൽ കളിക്കും
ജൂൺ 23 മുതൽ ആരംഭിക്കുന്ന 2022 തമിഴ്നാട് പ്രീമിയർ ലീഗിൽ റാഹിൽ ഷാ നയിക്കുന്ന റൂബി ട്രിച്ചി വാരിയേഴ്സിനായി മുരളി വിജയ് പങ്കെടുക്കുമെന്ന് സ്ഥിരീകരണം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുരളി വിജയ് ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങിയെത്തുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020 എഡിഷനിലാണ് ചെന്നൈ സൂപ്പർ കിംഗ്സിനായി വിജയ് അവസാനമായി കളിച്ചത്. ഇന്ത്യക്കായി 87 മത്സരങ്ങൾ കളിച്ചിട്ടുള്ള 38-കാരൻ തമിഴ്നാട് ക്രിക്കറ്റിലെ മികച്ച താരമാണ്. 2018-19 ബോർഡർ-ഗവാസ്കർ ട്രോഫിയിൽ പെർത്തിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു മുരളി വിജയിയുടെ അവസാന അന്താരാഷ്ട്ര മത്സരം. അന്ന് ഓസീസിനെതിരെ അഡ്ലെയ്ഡിലും മെൽബണിലും ഇന്ത്യ 2-1 ന് പരമ്പര വിജയിച്ചപ്പോൾ ടീമിലെ നിർണായക സ്വാധീനമായിരുന്നു മുരളി. 2019 ഡിസംബറിൽ രഞ്ജി ട്രോഫിയിലാണ് അദ്ദേഹം അവസാനമായി തമിഴ്നാടിനായി പാഡണിഞ്ഞത്.






































