നെതർലൻഡ്‌സ് പുരുഷ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി റയാൻ കുക്കിനെ നിയമിച്ചു
റയാൻ കുക്കിനെ നെതർലൻഡ്‌സ് പുരുഷ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചു. കഴിഞ്ഞ മാസം ഇംഗ്ലണ്ടിൽ കുടുംബ അവധി ആഘോഷിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ റയാൻ കാംബെൽ മടങ്ങിയെത്തുന്നതു വരെയായിരിക്കും കുക്കിന്റെ ചുമതല.
കേപ്ടൗണിലെ ഗാരി കിർസ്റ്റൺ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ പരിശീലകനായ കുക്ക് നേരത്തെ ബംഗ്ലാദേശ് ടീമിനൊപ്പം ഫീൽഡിംഗ് കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജെയിംസ് ഹിൽഡിച്ച്, പീറ്റർ ബോറൻ എന്നിവർക്കൊപ്പം ക്യാപ്റ്റൻ പീറ്റർ സീലാറിനൊപ്പം കോച്ചിംഗ് ടീമിൽ കുക്ക് പ്രവർത്തിക്കും.
നെതർലാൻഡ്‌സ് അടുത്ത മാസം വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് മത്സര ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഈ മത്സരം ഐസിസി ഏകദിന സൂപ്പർ ലീഗിന്റെ ഭാഗമാണ്. ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങളും തുടർന്ന് ന്യൂസിലൻഡിനെതിരെ രണ്ട് ടി20യും പാകിസ്ഥാനെതിരെ രണ്ട് ഏകദിനങ്ങളും കളിക്കാനും നെതർലാൻഡ്‌സ് ക്രിക്കറ്റ് ബോർഡ് തയാറെടുക്കുന്നുണ്ട്.






































