കൊവിഡ് നെഗറ്റീവായി, ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഷാക്കിബ് അൽ ഹസൻ മടങ്ങിയെത്തിയേക്കും
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനു മുന്നോടിയായി ബംഗ്ലാദേശിന് സന്തോഷ വാർത്ത. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് ബാധിതനായി ആദ്യ ടെസ്റ്റിൽ നിന്നും പുറത്തായ ഷാക്കിബ് അൽ ഹസൻ അസുഖം ഭേദമായി തിരിച്ചെത്തി. ഇതിനെ തുടർന്ന് ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് കളിക്കാനുള്ള ടീമിലേക്ക് താരത്തെ ഉൾപ്പെടുത്തിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
മെയ് ഒമ്പതിന് യുഎസ്‌എയിൽ നിന്ന് മടങ്ങിയെത്തിയ ഷാക്കിബിന് കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു. തുടർന്ന് ബോർഡിന്റെ മാനദണ്ഡമനുസരിച്ച് ഐസൊലേഷന് വിധേയനാകുകയും ചെയ്തു. എന്നാൽ മെയ് 15-ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനു മുന്നോടിയായുള്ള പരിശോധനയിൽ താരം നെഗറ്റീവ് ആയതോടെയാണ് ടീമിൽ ഉൾപ്പെടുത്താനുള്ള തീരുമാനം എത്തിയത്.
2021 ഡിസംബറിൽ മിർപൂരിൽ ബംഗ്ലാദേശ്-പാകിസ്ഥാൻ പരമ്പരയിലാണ് ഷാക്കിബ് അൽ ഹസൻ അവസാനമായി ദേശീയ കുപ്പായമണിയുന്നത്. ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയിൽ താരത്തിന്റെ മടങ്ങിവരവിനാണ് അവസരം ഒരുങ്ങുന്നത്. എന്നാൽ ആദ്യ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്ലെയിംഗ് ഇലവനിൽ എത്താൻ കൂടുതൽ മെഡിക്കൽ ടെസ്റ്റുകൾക്ക് വിധേയനാകേണ്ടതുണ്ട്.






































