അടുത്തത് ആരാകും? മുഖ്യ പരിശീലകനെ തേടി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
ആഷസ് പരമ്പരിയിൽ ഓസ്‌ട്രേലിയയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മുഖ്യ പരിശീലകനായിരുന്ന ക്രിസ് സിൽവർവുഡിനെ ബോർഡ് പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്ക് പുതിയ പരിശീലകനെ തേടുകയാണ് ടീം.
മുൻ ക്യാപ്റ്റൻ അലക് സ്റ്റുവർട്ട് മുതൽ ഓസ്‌ട്രേലിയൻ ഇതിഹാസങ്ങളായ റിക്കി പോണ്ടിംഗും ജസ്റ്റിൻ ലാംഗറും വരെ പരിശീലക സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നതായാണ് വാർത്തകൾ പുറത്തുവരുന്നത്.
മുഖ്യ പരിശീലകനെന്ന നിലയിൽ തന്റെ അവസാന 14 ടെസ്റ്റ് മത്സരങ്ങളിൽ സിൽവർവുഡ് 10 തോൽവികളായിരുന്നു ഏറ്റുവാങ്ങിയത്. മാർച്ചിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര വരാനിരിക്കെയാണ് ടീമിൽ ഇപ്പോൾ ഒരു മാറ്റം വരുത്തേണ്ട സമയമാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.
സർ ആൻഡ്രൂ സ്ട്രോസ് ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റിന്റെ മാനേജിംഗ് ഡയറക്ടറായി ഇടക്കാലാടിസ്ഥാനത്തിൽ ചുമതലയേറ്റിരുന്നു. കൂടാതെ കരീബിയൻ പര്യടനത്തിനുള്ള ഇടക്കാല പരിശീലകനായി പോൾ കോളിംഗ്വുഡിനെയും ടീം നിയമിച്ചു. എന്നാൽ സിൽവർവുഡിന്റെ ദീർഘകാല പിൻഗാമി ആരെന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്.






































