ട്രാൻസ്ഫർ ന്യൂസ് : കുട്ടീഞ്ഞോ ആര്സെനലിലേക്കോ…?
വെല്ലുവിളികളെ അതിജീവിച്ചു നേടിയ FA കപ്പ് വിജയം, ഈ സമ്മർ ട്രാൻസ്ഫറിൽ പ്രീമിയർ ലീഗ് വമ്പന്മാരായ ആർസെനലിനു ടീമിൽ വൻ അഴിച്ചുപണിക്കു അരങ്ങൊരുക്കിയിരിക്കയാണ്. FA കപ്പ് വിജയത്തോടെ നേടിയ യൂറോപ്പ ലീഗ് യോഗ്യതയും സാമ്പത്തിക ഉത്തേജനവും ജനുവരിയിൽ മാനേജരായി ചുമതലയേറ്റ മിക്കേൽ ആർട്ടേറ്റക്കും മാനേജ്മെന്റിനും വലിയ ആശ്വാസമാണ് നൽകിയത്. പുതിയ സീസണു മുന്നോടിയായി ഡിഫെൻസിലും, മധ്യനിരയിലും മികച്ച സൈനിംഗുകൾ നടത്തും എന്ന സൂചനകളാണ് വന്നിട്ടുള്ളത്. ഫ്രീ ഏജന്റ് ആകുന്ന ചെൽസി താരം വില്ലിയനുമായും, സൂപ്പർ സ്‌ട്രൈക്കർ അബാമേയാങ്ങുമായും ആർസെനാൽ ബോർഡ് 3വർഷത്തെ പുതിയ കരാർ ഏകദേശം ധാരണയായതയുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഇതോടൊപ്പം ബാർസലോണ താരവും മുൻ ലിവർപൂൾ സെൻസേഷനായിരുന്ന ഫിലിപ്പ് കുട്ടീഞ്ഞോയും ആർസെനൽ ക്യാമ്പിലേക്കെന്നാണ് പുതുതായി വരുന്ന വാർത്ത. താരം ഇന്നലെ ലണ്ടൻ കോളനിയിൽ വച്ചു ആര്സെനാലുമായി വ്യക്‌തിഗത കരാറിലെത്തിയെന്നു സ്പാനിഷ് ദിനപത്രമായ കറ്റാലനും ഇംഗ്ലീഷ് ദിനപത്രമായ സണും റിപ്പോർട്ട് ചെയ്തു. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ശേഷം ലോൺ അടിസ്ഥാനത്തിൽ ആയിരിക്കും ബാഴ്സയിൽ നിന്ന് താരം ആര്സെനലിലേക്കെത്തുക എന്നാണ് പുതുതായി വരുന്ന സൂചനകൾ.
പ്രീമിയർ ലീഗിൽ മികച്ച ഫോമിലായിരിക്കെ 2018 ഇൽ റെക്കോർഡ് 134മില്യൺ പൗണ്ടിന് ലിവർപൂളിൽ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയ കുട്ടീഞ്ഞോക്ക് എന്നാൽ ബാഴ്സയിൽ ഒരിക്കലും നിലയുറപ്പിക്കാനായില്ല. മോശം ഫോമും ഔട്ട് ഓഫ് പൊസിഷൻ ലൈനപ്പ് എന്നിവ കൊണ്ട് ദുരിതപൂർണമായ 18മാസങ്ങൾക്ക് ശേഷം ബയേണിലേക്ക് ലോണിൽ പോവുകയായിരുന്നു ഈ ബ്രസീലിയൻ മിഡ്ഫീൽഡർ. ബയേണിൽ തന്റെ ഫോം തിരിച്ചുവരുന്ന ചില പ്രകടനങ്ങൾ പുറത്തെടുത്തെങ്കിലും, ബയേൺ ഈ സീസണിൽ ലോൺ പുതുക്കിയേക്കില്ല. അതിനാൽ തന്നെ 2ലക്ഷം പൗണ്ട് പ്രതിവാരം വേതനമുള്ള താരത്തെ ഒഴിവാക്കുക എന്ന നിലപാടാണ് ബാഴ്സക്ക്. ഓസിൽ അകറ്റപ്പെടുകയും ഉനായിയുടെ കീഴിൽ ക്രീയേറ്റീവിറ്റിയും നഷ്ടപെട്ട ആർസെനലിനു കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോവിലും ബാർസ കുട്ടീഞ്ഞോയെ ഓഫർ ചെയ്തിരുന്നെങ്കിലും ആർസെനാൽ നിരസിക്കുകയായിരുന്നു. എന്നാൽ ആർട്ടെറ്റയുടെ കീഴിൽ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വപ്നം കാണുന്ന ആർസെനലിനു ആബ -ലാക്ക -പെപെ ത്രയത്തിന് അവസരങ്ങളൊരുക്കാൻ ഓസിലിന്റ അഭാവത്തിൽ മികച്ചൊരു ക്രീയേറ്റീവ് മിഡ്ഫീൽഡറിന്റെ ആവശ്യമുണ്ട്. പുറത്ത് വരുന്ന വാർത്തകൾ ശെരിയാണെങ്കിൽ ട്രാൻസ്ഫർ തുകയുടെ സിംഹഭാഗവും ഡിഫെൻസിലേക്ക് മാറ്റിവച്ചു, ഫ്രീ ട്രാൻസ്ഫെറിലൂടെ വില്ലിയൻ, ലോണിലൂടെ കുട്ടീഞ്ഞോ എന്നീ പ്രീമിയർ ലീഗിൽ കഴിവ് തെളിയിച്ച ലോകോത്തര താരങ്ങളുടെ സൈനിങ്ങിലൂടെ ഈ സീസണിൽ ഏതൊരു എതിരാളികളെയും വിറപ്പിക്കുന്ന അക്രമണനിര തന്നെയാകും ആർസെനൽ ലക്ഷ്യം വയ്ക്കുന്നത്.






































