ഡബ്ള്യുപിഎൽ 2027 ലേലം ഇന്ന് കൊച്ചിയിൽ നടക്കും, 27 ഒഴിവുകളിലേക്ക് മത്സരിക്കാനായി 146 താരങ്ങൾ
കൊച്ചി: 2027-ലെ വിമൻസ് പ്രീമിയർ ലീഗിന്റെ (ഡബ്ള്യുപിഎൽ ) ലേലം ഒക്ടോബർ 28 ബുധനാഴ്ച കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കും. മുൻപ് നടന്ന ഡബ്ള്യുപിഎൽ , ഐപിഎൽ ലേലങ്ങൾ നിയന്ത്രിച്ചിട്ടുള്ള പ്രമുഖ ലേലക്കാരി മല്ലിക സാഗർ ആയിരിക്കും ഇത്തവണയും ലേല നടപടികൾക്ക് നേതൃത്വം നൽകുക. അഞ്ച് ടീമുകളിലായുള്ള 27 ഒഴിവുകളിലേക്ക് മത്സരിക്കാനായി 146 താരങ്ങളെയാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 119 പേർ ഇന്ത്യക്കാരും 27 പേർ വിദേശികളുമാണ്. പരിചയസമ്പന്നരായ അന്താരാഷ്ട്ര താരങ്ങളും ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടില്ലാത്ത (അൺക്യാപ്ഡ്) താരങ്ങളും ഈ പട്ടികയിലുണ്ട്.
ഏറ്റവും കൂടുതൽ തുക കൈവശമുള്ളത് യുപി വാരിയേഴ്സിനാണ് ; 3.75 കോടി രൂപയാണ് ഇവരുടെ പക്കലുള്ളത്, ടീമിൽ എട്ട് ഒഴിവുകളുമുണ്ട്. മുംബൈ ഇന്ത്യൻസിന് 90 ലക്ഷം രൂപയുണ്ട്, ടീമിൽ ആറ് ഒഴിവുകളാണുള്ളത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് അഞ്ച് ഒഴിവുകളിലേക്ക് 1.15 കോടി രൂപയുണ്ട്. ഡൽഹി ക്യാപിറ്റൽസിന് അഞ്ച് ഒഴിവുകളിലേക്ക് 1.10 കോടി രൂപയും, ഗുജറാത്ത് ജയന്റ്സിന് മൂന്ന് ഒഴിവുകളിലേക്ക് 1.25 കോടി രൂപയുമാണുള്ളത്. ഓരോ ടീമിനും പരമാവധി 18 താരങ്ങളെ ഉൾപ്പെടുത്താം. ഓസ്ട്രേലിയയുടെ സോഫി മോളിനക്സ്, ഇംഗ്ലണ്ടിന്റെ സോഫിയ ഡങ്ക്ലി എന്നിവരാണ് വിദേശ താരങ്ങളിൽ പ്രമുഖർ; ഇരുവരും 50 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ജി. കമലിനി, കിരൺ നവ്ഗിരെ, ഹെതർ ഗ്രഹാം, ജെസ് ജോനാസൻ എന്നീ നാല് താരങ്ങൾ 40 ലക്ഷം രൂപ അടിസ്ഥാന വിലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 30 താരങ്ങൾ 30 ലക്ഷം രൂപയുടെ വിഭാഗത്തിലും, 109 താരങ്ങൾ 10 ലക്ഷം രൂപയുടെ വിഭാഗത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ചുരുക്കപ്പട്ടികയിലുള്ളവരിൽ 22 ഇന്ത്യൻ താരങ്ങളും 14 വിദേശ താരങ്ങളും അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുള്ളവരാണ്. ബാക്കിയുള്ള 97 ഇന്ത്യൻ താരങ്ങളും 13 വിദേശ താരങ്ങളും അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടില്ലാത്തവരാണ്. വിദേശ താരങ്ങളിൽ ആറുപേർ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലേലം ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.






































