കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് എട്ടാം തോൽവി : ജംഷഡ്പൂർ എഫ്‌സിക്കെതിരെ തോറ്റത് മറുപടിയില്ലാത്ത ഒരു ഗോളിന്
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് എട്ടാം തോൽവി. ജംഷഡ്പൂരിലെ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ തോറ്റത് മറുപടിയില്ലാത്ത ഒരു ഗോളിന്. മത്സരത്തിന്റെ ഗതി നിർണയിച്ച വിജയ ഗോൾ നേടിയത് മെൻ ഓഫ് സ്റ്റീലിന്റെ പ്രതിരോധ താരം പ്രതീക് ചൗധരി (61′). ജംഷഡ്പൂർ കുപ്പായത്തിൽ അദ്ദേഹത്തിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. രണ്ട് ക്ലിയറൻസും ഒരു ഇന്റർസെപ്ഷനും അടക്കം കണ്ടെത്തി അതിഥികളുടെ പ്രതിരോധത്തിൽ ഇരുമ്പു മതിൽ തീർത്ത സ്റ്റീഫൻ എസെയാണ് മത്സരത്തിലെ മികച്ച താരം.
ഇന്നത്തെ ജയത്തോടെ ജംഷഡ്പൂർ എഫ്‌സി 12 മത്സരങ്ങളിൽ നിന്നും ഏഴ് ജയവും അഞ്ച് തോൽവിയുമായി 21 പോയിന്റുകളുമായി ഐഎസ്എൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയാകട്ടെ ലീഗിലെ എട്ടാമത്തെ തോൽവി വഴങ്ങി 12 മത്സരത്തിൽ നിന്നും നാല് ജയവും രണ്ട് തോൽവിയുമായി 14 പോയിന്റുകളോടെ പത്താം സ്ഥാനത്ത് തുടരുന്നു.
പരിക്ക് മൂലം തുടർച്ചയായ രണ്ടാം മത്സരത്തിലും ഇടം പിടിക്കാതിരുന്ന സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിമെൻസ് കേരളത്തിന്റെ ഗോൾവേട്ടയിൽ വഹിച്ച സ്ഥാനമെന്തെന്ന് തെളിയിക്കപ്പെട്ട മത്സരമായിരുന്നു ഇന്നത്തേത്. നിരനിരയായി അവസരങ്ങൾ രൂപപ്പെട്ടെങ്കിലും അവയൊന്നും
നിർണായകമായ ഗോളിലേക്കെത്തിയില്ല. 15 ഷോട്ടുകൾ തൊടുത്തുവെങ്കിലും മെൻ ഓഫ് സ്റ്റീലിന്റെ കാവൽ മാലാഖയായി മറ്റൊരു മത്സരത്തിൽ കൂടി ആൽബിനോ ഗോമസ് അവതരിച്ചത് യെല്ലോ ആർമിക്ക് തിരിച്ചടിയായി. ഈ സീസണിൽ ഇന്നത്ത മത്സരത്തിലെ നാല് സേവുകൾ കൂടി കൂട്ടിച്ചേർത്ത്, 53 സേവുകൾ അദ്ദേഹം നടത്തി.