ഈഎഫ്എല്‍ കപ്പില്‍ ബോൺമൗത്ത് ചലഞ്ച് മറികടക്കാന്‍ ലിവര്‍പൂള്‍
പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്ത് ഉള്ള ലിവര്‍പൂള്‍ ഈഎഫ്എല്‍ കപ്പില്‍ ഇന്ന് ബോണ്‍മൌത്തിനെ നേരിടും.ഇന്ത്യന്‍ സമയം ഇന്ന് രാത്രി ഒന്നേ കാല്‍ മണിക്ക് ബോൺമൗത്ത് ഹോം ടര്‍ഫ് ആയ വിറ്റാലിറ്റി സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.
ബോൺമൗത്ത് മുൻ നോക്കൗട്ട് മത്സരത്തിൽ സ്റ്റോക്ക് സിറ്റിയെ 2-0 ന് പരാജയപ്പെടുത്തിയപ്പോള്‍ ലിവര്‍പൂള്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ ഒറ്റ ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഗംഭീരമായ തിരിച്ചുവരവ് നടത്തിയത്.കർട്ടിസ് ജോൺസ് തന്റെ നീണ്ട ആഭ്യന്തര സസ്പെൻഷൻ പൂർത്തിയാക്കി തിരിച്ചെത്തി എന്നത് ക്ലോപ്പിന് നല്ല വാര്‍ത്തയാണ് എങ്കിലും പരിക്ക് മൂലം ആൻഡ്രൂ റോബർട്ട്‌സൺ (തോളിൽ), സ്റ്റെഫാൻ ബജ്‌സെറ്റിക് (കാഫ് ), തിയാഗോ അൽകന്റാര (ഹിപ്) എന്നിവര്‍ കളിച്ചേക്കില്ല.തന്‍റെ പിതാവിനെ കൊളംബിയയില്‍ വെച്ച് കാണാതെ ആയതിനു ശേഷം നാട്ടിലേക്കു മടങ്ങിയ ലൂയിസ് ഡയാസ് ഇന്നതെ മല്‍സരത്തിലും കളിച്ചേക്കില്ല.