Foot Ball ISL Top News

കൊച്ചിയിൽ കൊമ്പന്മാർ ഇന്നിറങ്ങും; എതിരാളികൾ നോർത്ത് ഈസ്റ്റ്.!

January 29, 2023

author:

കൊച്ചിയിൽ കൊമ്പന്മാർ ഇന്നിറങ്ങും; എതിരാളികൾ നോർത്ത് ഈസ്റ്റ്.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ പന്തുതട്ടാൻ ഇറങ്ങുകയാണ്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാകും ബ്ലാസ്റ്റേഴ്സ് നേരിടുക. ഏറ്റവുമൊടുവിൽ നടന്ന 2 എവേ മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിക്കൊണ്ടാണ് ഇവാൻ്റേയും സംഘത്തിൻ്റെയും വരവ്. അതുകൊണ്ടുതന്നെ കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയവഴിയിലേക്ക് തിരിച്ചെത്തുവാനാകും മഞ്ഞപ്പടയുടെ ശ്രമം. പരിക്കിൻ്റെ പിടിയിലുള്ള ലെസ്കോ ഇന്നത്തെ മത്സരത്തിലും ഉണ്ടാകില്ല.

കൂടാതെ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ സന്ദീപ് സിംഗിന് സീസൺ മുഴുവനായും നഷ്ടപ്പെടുമെന്നത് ആരാധകർക്ക് നിരാശ പകരുന്ന വാർത്തയാണ്. മറുവശത്ത്, സീസണിൽ ഒരേയൊരു വിജയം മാത്രമാണ് നോർത്ത് ഈസ്റ്റിന് അവകാശപ്പെടുവാനുള്ളത്. പ്ലേഓഫ് പ്രതീക്ഷകളൊക്കെ മുന്നേതന്നെ അവസാനിച്ചതിനാൽ ഏത് വിധേനയും അവസാന സ്ഥാനത്തുനിന്നും കരകയറാനാകും നോർത്ത് ഈസ്റ്റ് പരിശ്രമിക്കുക. ഇരുടീമുകളും സീസണിലെ ആദ്യപാദത്തിൽ ഗുവാഹത്തിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.

ഇന്നും അതേമികവ് പുറത്തെടുക്കാൻ കഴിയുമെന്ന് തന്നെയാണ് ടീം ക്യാമ്പിൻ്റെ പ്രതീക്ഷ. നിലവിൽ 14 മത്സരങ്ങളിൽ നിന്നും 25 പോയിൻ്റുമായി 5ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ 3ആം സ്ഥാനം തിരിച്ചുപിടിക്കാൻ അവർക്ക് സാധിക്കും. അതേസമയം, 15 മത്സരങ്ങൾ പൂർത്തിയാക്കിയ നോർത്ത് ഈസ്റ്റ് കേവലം 4 പോയിൻ്റ് മാത്രമായി അവസാന സ്ഥാനത്താണ് ഉള്ളത്. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment