Foot Ball ISL Top News

ഐ.എസ്.എല്ലിൽ കൊമ്പന്മാർ ഇന്ന് ഗോവക്കെതിരെ.!

January 22, 2023

author:

ഐ.എസ്.എല്ലിൽ കൊമ്പന്മാർ ഇന്ന് ഗോവക്കെതിരെ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ എഫ്സി ഗോവയേയാകും കൊമ്പന്മാർ നേരിടുക. ഗോവയുടെ തട്ടകമായ ഫറ്റോർഡാ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ജനുവരി 8ന് മുംബൈ സിറ്റിയെ നേരിട്ടതിന് ശേഷം ഇന്നാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനായി ഇറങ്ങുന്നത്. പരിക്ക് ഭേദമാകാത്തതിനാൽ സൂപ്പർ താരം ലെസ്കോവിച്ച് ഇന്നത്തെ മത്സരത്തിലും ഉണ്ടാകില്ലെന്ന് ആണ് അറിയുവാൻ കഴിയുന്നത്.

കൂടാതെ 4 മഞ്ഞക്കാർഡുകൾ കണ്ടതിനാൽ മലയാളി താരം കെ.പി രാഹുലിനും സസ്പെൻഷൻ മൂലം ഇന്നത്തെ മത്സരം നഷ്ടമാകും. ഇരുടീമുകളും തമ്മിൽ കൊച്ചിയിൽ വെച്ച് ലീഗിലെ ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ഗോവയെ തകർത്ത് വിട്ടിരുന്നു. അതിനൊരു പകരം വീട്ടൽ കൂടിയാവും സ്വന്തംതട്ടകത്തിൽ കാർലോസ് പെനയും സംഘവും ലക്ഷ്യമിടുക. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 25 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഇന്നത്തെ മത്സരഫലം എന്തുതന്നെയായാലും കൊമ്പന്മാർക്ക് സ്ഥാനചലനം ഉണ്ടാകില്ല.

 

മറുവശത്ത് 14 മത്സരങ്ങളിൽ നിന്നും 20 പോയിൻ്റുമായി ഗോവ 6ആം സ്ഥാനത്താണ് ഉള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ഒഡീഷയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറുവാൻ അവർക്ക് സാധിക്കും. എന്തായാലും തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമായതിനാൽ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് നമുക്ക് കണ്ടുതന്നെ അറിയാം.

Leave a comment