European Football Foot Ball Top News

കോപ്പ ഇറ്റാലിയയിൽ പാർമയെ കീഴടക്കി ഇൻ്റർ മിലാൻ.!

January 11, 2023

author:

കോപ്പ ഇറ്റാലിയയിൽ പാർമയെ കീഴടക്കി ഇൻ്റർ മിലാൻ.!

കോപ്പ ഇറ്റാലിയ ടൂർണമെൻ്റിൽ നടന്ന റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ പാർമക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഇൻ്റർ മിലാന് വിജയം. സ്വന്തം തട്ടകമായ സാൻ സിറോയിൽ അരങ്ങേറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആതിഥേയർ വിജയിച്ചു കയറിയത്. ആദ്യപകുതിയുടെ 38ആം മിനിറ്റിൽ സ്റ്റാങ്കോ ജ്യൂറിച്ച് നേടിയ ഗോളിലൂടെ പാർമയാണ് മത്സരത്തിൽ ആദ്യഗോൾ സ്വന്തമാക്കിയത്. സോം ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്. ശേഷം ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിച്ചു.

തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ ലൗത്താരോ മാർട്ടിനെസിലൂടെ ഇൻ്റർ മത്സരത്തിലേക്ക് തിരികെയെത്തി. അങ്ങനെ നിശ്ചിത സമയം പിന്നിട്ടപ്പോൾ സ്കോർ 1-1 എന്ന നിലയിൽ അവസാനിച്ചതിനാൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടി. തുടർന്ന് എക്സ്ട്രാ ടൈമിൻ്റെ രണ്ടാം പകുതിയിൽ 110ആം മിനിറ്റിൽ പ്രതിരോധ താരം ഫ്രാൻസിസ്കോ അസെർബിയിലൂടെ ഇൻ്റർ വിജയഗോൾ നേടുകയായിരുന്നു. ശേഷിച്ച സമയം ഒപ്പമെത്തുവാൻ പാർമ ആവുന്നത്ര പൊരുതി നോക്കിയെങ്കിലും സമയം അതിന് അനുവദിച്ചില്ല.

ഒടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മത്സരം ആതിഥേയരായ ഇൻ്റർ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ കോപ്പ ഇറ്റാലിയയുടെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുവാൻ ഇൻ്റർ മിലാന് കഴിഞ്ഞു.

Leave a comment