Foot Ball ISL Top News

ബ്ലാസ്റ്റേഴ്സിൻ്റെ ഇടനെഞ്ച് തകർത്തുകൊണ്ട് അപരാജിത കുതിപ്പ് തുടർന്ന് മുംബൈ.!

January 8, 2023

author:

ബ്ലാസ്റ്റേഴ്സിൻ്റെ ഇടനെഞ്ച് തകർത്തുകൊണ്ട് അപരാജിത കുതിപ്പ് തുടർന്ന് മുംബൈ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയ സൂപ്പർ സൺഡേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ സിറ്റി എഫ്സിക്ക് തകർപ്പൻ വിജയം. മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന പോരാട്ടത്തിൽ ആദ്യ 22 മിനിറ്റിൽ തന്നെ ആതിഥേയരായ മുംബൈ ബ്ലാസ്റ്റേഴ്സിൻ്റെ വിധിയെഴുതി. മത്സരത്തിൻ്റെ 4,22 മിനിറ്റുകളിൽ സ്കോർ ചെയ്തുകൊണ്ട് ഇരട്ടഗോൾ നേട്ടം പൂർത്തിയാക്കിയ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ പെരേര ഡയസ് ആണ് മത്സരത്തിൽ കൂടുതൽ മിന്നിയത്. 4ആം മിനിറ്റിൽ ബിബിൻ സിംഗ് എടുത്ത ഷോട്ട് ഗിൽ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് ഡയസ് വലയിലാക്കുകയായിരുന്നു.

ശേഷം 10ആം മിനിറ്റിൽ തന്നെ രണ്ടാം ഗോളും പിറന്നു. വലത് വിങ്ങിൽ നിന്നും ചാങ്തെ ഉയർത്തി നൽകിയ ക്രോസ് മികച്ചൊരു ഹെഡ്ഡറിലൂടെ ഗ്രെഗ് സ്റ്റുവർട്ട് വലയിലാക്കി. അതോടെ മത്സരം ഏതാണ്ട് പൂർണമായും മുംബൈയുടെ വരുതിയിൽ ആയി. അതിൻ്റെ ഫലമെന്നോണം 16ആം മിനിറ്റിൽ 3ആം ഗോളും അവർ സ്വന്തമാക്കി. ഇത്തവണ ബിബിൻ സിംഗിൻ്റെ ഊഴമായിരുന്നു. ഡയസിൻ്റെ പാസ് സ്വീകരിച്ച ബിബിൻ ബോക്സിൻ്റെ ഇടത് മൂലയിൽ നിന്നും എടുത്ത തകർപ്പൻ ഷോട്ട് ഗോൾപോസ്റ്റിൻ്റെ വലത് ടോപ് കോർണറിലേക്ക് പറന്നിറങ്ങി. അതോടെ മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന ബ്ലാസ്റ്റേഴ്സിൻ്റെ മോഹങ്ങൾക്ക് കരിനിഴൽ വീണു.

തുടർന്ന് 22ആം മിനിറ്റിൽ ഡയസ് തൻ്റെ ഇരട്ടഗോൾ നേട്ടവും പൂർത്തിയാക്കി. ഡിഫൻസിനെ സ്പ്ലിറ്റ് ചെയ്തത് ജാഹൂ നൽകിയ പാസ് സ്വീകരിച്ച് ഡയസ് എടുത്ത ഷോട്ട് ഗില്ലിനെ മറികടന്ന് ഗോളായി മാറുകയായിരുന്നു. സ്കോർ 4-0. ഒരു വമ്പൻ പരാജയമാണ് ഈയൊരു നിമിഷം ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും പ്രതീക്ഷിച്ചത്. എന്നാൽ ആദ്യപകുതി ഈയൊരു സ്കോറിന് തന്നെ അവസാനിച്ചു. ശേഷം രണ്ടാം പകുതിയിൽ തോൽവിഭാരം കുറയ്ക്കണമെന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത് എങ്കിലും ഗ്രിഫിത്സിൻ്റെ നേതൃത്വത്തിലുള്ള മുംബൈ പ്രതിരോധം പാറപോലെ ഉറച്ചുനിൽക്കുകയായിരുന്നു.

മിനിമം 2 ഗോളുകൾ എങ്കിലും മടക്കാനുള്ള സുവർണാവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നുവെങ്കിലും നിർഭാഗ്യവശാൽ അതൊന്നും ഗോളായി മാറിയില്ല. ഒടുവിൽ ഏകപക്ഷീയമായ 4 ഗോളുകൾക്ക് മുംബൈ വിജയം സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ ഐ.എസ്.എല്ലിൽ ഒരു റെക്കോർഡ് സ്വന്തമാക്കാനും ബക്കിംഗ്ഹാമിനും സംഘത്തിനും കഴിഞ്ഞു. ഐ.എസ്.എല്ലിൽ തുടർച്ചയായി 8 മത്സരങ്ങളിൽ വിജയം സ്വന്തമാക്കുന്ന ആദ്യ ടീമായി അങ്ങനെ മുംബൈ മാറി. ഒപ്പം തുടർച്ചയായി 13 മത്സരത്തിലും തോൽവിയറിയാതെ മുന്നേറാനും അവർക്ക് കഴിഞ്ഞു.

സീസണിൽ ഒരു തോൽവി പോലും വഴങ്ങാത്ത ഏകടീമാണ് മുംബൈ. അതേസമയം ബ്ലാസ്റ്റേഴ്സിൻ്റെ കഴിഞ്ഞ 8 മത്സരങ്ങളായുള്ള അപരാജിത കുതിപ്പിനും ഇതോടെ വിരാമമായി. പ്രതിരോധത്തിലെ പ്രധാന താരങ്ങൾ ആയിരുന്ന ലെസ്കോവിച്ചിൻ്റെയും, സന്ദീപ് സിംഗിൻ്റെയും അഭാവം മത്സരത്തിൽ വ്യക്തമായി നിഴലിച്ചുവെന്ന് വേണം പറയാൻ. പകരം കളത്തിൽ ഇറങ്ങിയ ഖാബ്രയും, മോങ്കിലും ഇന്നത്തെ മത്സരത്തിൽ അമ്പേ പരാജയമായിരുന്നു. എന്തായാലും ഈയൊരു മത്സരത്തോടെ 13 മത്സരങ്ങളിൽ നിന്നും 33 പോയിൻ്റ് നേടിയ മുംബൈ ഹൈദരാബാദിൻ്റെ പക്കൽ നിന്നും ഒന്നാംസ്ഥാനം തിരികെവാങ്ങി.

മറുവശത്ത് അത്രയും മത്സരങ്ങളിൽ നിന്നും 25 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് 3ആം സ്ഥാനത്ത് തന്നെ തുടരുകയാണ്.

Leave a comment