മോൻസയോട് സമനിലയിൽ കുരുങ്ങി ഇൻ്റർ.!
സീരി എയിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ മോൻസക്കെതിരെ ഇൻ്റർ മിലാന് സമനില. മോൻസായുടെ തട്ടകമായ സ്റ്റേഡ് ബ്രയൻറ്റിയോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിൻ്റെ 10ആം മിനിറ്റിൽ തന്നെ ഡാർമിയൻ്റെ ഗോളിൽ ഇൻ്റർ മുന്നിൽ എത്തിയെങ്കിലും തൊട്ടടുത്ത മിനിറ്റിൽ തന്നെ പാട്രിക് കുറിയയിലൂടെ മോൻസ തിരിച്ചടിച്ചു. അതോടെ ഒരു മിനിട്ടിൻ്റെ ഇടവേളയിൽ മത്സരം 1-1 എന്ന നിലയിലായി. തുടർന്ന് പുരോഗമിച്ച മത്സരത്തിൽ 22ആം മിനിറ്റിൽ ലൗത്താരോ മാർട്ടിനെസിലൂടെ ഇൻ്റെറിന് വീണ്ടും ലീഡ്. അതോടെ മത്സരം ഇൻ്റെറിൻ്റെ വരുതിയിലായി.


ഗോൾ മടക്കുവാനുള്ള മോൻസയുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ ഇഞ്ചുറി ടൈമിൽ ഡുംഫ്രൈസിൻ്റെ സെൽഫ് ഗോളിലൂടെ ആതിഥേയർ സമനില പിടിച്ചെടുക്കുകയായിരുന്നു. കയ്യിലിരുന്ന വിജയം അവസാന നിമിഷം കൈവിട്ട ഇൻ്റെറിന് മത്സരം വൻ നിരാശ മാത്രമാണ് സമ്മാനിച്ചത്. ഈയൊരു സമനിലയോടെ 17 മത്സരങ്ങളിൽ നിന്നും 34 പോയിൻ്റുമായി ഇൻ്റർ 4ആം സ്ഥാനത്ത് തുടരുകയാണ്. അത്രയും മത്സരങ്ങളിൽ നിന്നും 18 പോയിൻ്റ് മാത്രം കൈവശമുള്ള മോൻസ 14ആം സ്ഥാനത്താണ് ഉള്ളത്.