European Football Foot Ball Top News

എഫ്.എ കപ്പ്: ലിവർപൂളിനെ സമനിലയിൽ തളച്ച് വോൾവ്സ്; ന്യൂകാസിലിന് തോൽവി.!

January 8, 2023

author:

എഫ്.എ കപ്പ്: ലിവർപൂളിനെ സമനിലയിൽ തളച്ച് വോൾവ്സ്; ന്യൂകാസിലിന് തോൽവി.!

എഫ്.എ കപ്പിൽ അരങ്ങേറിയ അതിവാശിയേറിയ പോരാട്ടത്തിനൊടുവിൽ വോൾവ്സിനെതിരെ വമ്പന്മാരായ ലിവർപൂളിന് സമനില. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ലിവർപൂളിനായി 45ആം മിനിറ്റിൽ ഡാർവിൻ ന്യൂനസും, 51ആം മിനിറ്റിൽ മൊഹമ്മദ് സലായുമാണ് ഗോളുകൾ നേടിയത്. ഡച്ച് താരം കോഡി ഗാക്പോ ലിവർപൂൾ ജേഴ്സിയിൽ അരങ്ങേറിയെങ്കിലും ഒരു ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല.

വോൾവ്സിനായി 26ആം മിനിറ്റിൽ ഗോൺസാലോ ഗുയ്ഡെസും, 66ആം മിനിറ്റിൽ ഹ്വാങ്ങ് ഹി ചാനുമാണ് വലകുലുക്കിയത്. വിജയഗോൾ നേടുവാനായി ഇരുടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ രണ്ട് ടീമുകൾക്കും കഴിഞ്ഞില്ല. ഒടുവിൽ 2-2 എന്ന നിലയിൽ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് താരതമ്യേന ദുർബലരായ ഷെഫീൽഡ് വെനെസ്ഡേയോട് തോൽവി വഴങ്ങി. എതിരാളികളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഡ്ഡി ഹോവെയുടെ ശിഷ്യന്മാർ പരാജയം രുചിച്ചത്.

ജോഷ് വിൻഡാസിൻ്റെ ഇരട്ട ഗോളുകളാണ് ആതിഥേയരെ വിജയത്തിൽ എത്തിച്ചത്. 52,65 മിനിറ്റുകളിലായിരുന്നു വിൻഡാസിൻ്റെ ഗോളുകൾ പിറന്നത്. ശേഷം 2 ഗോളിന് പിന്നിലായ ന്യൂകാസിലിനായി 69ആം മിനിറ്റിൽ ബ്രൂണോ ഗ്വിമാരെസ് ഒരു ഗോൾ മടക്കിയെങ്കിലും പിന്നീട് ഗോളുകൾ ഒന്നും നേടാൻ അവരെ ഷെഫീൽഡ് അനുവദിച്ചില്ല. ഒടുവിൽ ന്യൂകാസിൽ ഷെഫീൽഡിന് മുന്നിൽ  അടിയറവ് പറയുകയായിരുന്നു.

Leave a comment