EPL 2022 European Football Foot Ball Top News

ഹാലണ്ടിന് ഡബിൾ; ലീഡ്സിനെ തകർത്ത് സിറ്റി.!

December 29, 2022

author:

ഹാലണ്ടിന് ഡബിൾ; ലീഡ്സിനെ തകർത്ത് സിറ്റി.!

പ്രീമിയർ ലീഗിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നും വിജയം. ലീഡ്സ് യുണൈറ്റഡിനെതിരെ അവരുടെ തട്ടകമായ എല്ലണ്ട് റോഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ സൂപ്പർ താരം എർലിങ് ഹാലണ്ട് ഇരട്ടഗോളുകൾ സ്വന്തമാക്കിയപ്പോൾ അവശേഷിച്ച ഗോൾ നേടിയത് റോഡ്രിയായിരുന്നു. മത്സരത്തിൻ്റെ 51, 64 മിനിറ്റുകളിലായിരുന്നു ഹാലണ്ട് സ്കോർ ചെയ്തത്. ഈ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് ജാക് ഗ്രീലിഷ് ആയിരുന്നു.

ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് റോഡ്രിയുടെ ഗോൾ പിറക്കുന്നത്. അങ്ങനെ ഏകപക്ഷീയമായി സിറ്റി വിജയിക്കുമെന്ന് കരുതിയ നിമിഷം 73ആം മിനിറ്റിൽ കോർണറിൽ നിന്നും പാസ്കൽ സ്ട്രുയിക് ലീഡ്സിനായി ആശ്വാസഗോൾ നേടി. ഒടുവിൽ 3-1 ന് മത്സരം സിറ്റി സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 15 മത്സരങ്ങളിൽ നിന്നും 35 പോയിൻ്റുമായി സിറ്റി രണ്ടാം സ്ഥാനം തിരികെ പിടിച്ചു. അത്രയും മത്സരങ്ങളിൽ നിന്നും 15 പോയിൻ്റ് മാത്രമായി 15ആം സ്ഥാനത്താണ് ലീഡ്സ് ഉള്ളത്.

Leave a comment