Foot Ball ISL Top News

പത്തിൽ പത്തും തോറ്റു; നോർത്ത് ഈസ്റ്റിനെതിരെ ഗോവയ്ക്ക് വിജയം.!

December 17, 2022

author:

പത്തിൽ പത്തും തോറ്റു; നോർത്ത് ഈസ്റ്റിനെതിരെ ഗോവയ്ക്ക് വിജയം.!

ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ ഗോവക്കെതിരായ പരാജയത്തോടെ പുതുചരിത്രം കുറിച്ചിരിക്കുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. എന്നാലത് ഒരു മോശം റെക്കോർഡ് ആണെന്ന് മാത്രം. ഐ.എസ്.എൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം തുടർച്ചയായി 10 മത്സരങ്ങൾ പരാജയപ്പെടുന്നത്. കൂടാതെ സീസണിൽ ആദ്യ 10 മത്സരങ്ങൾ പരാജയപ്പെടുന്ന ഏകടീമും നോർത്ത് ഈസ്റ്റ് തന്നെയാണ്. ഗോവയുടെ തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ 20 മിനിറ്റിൽ തന്നെ 2 ഗോളിൻ്റെ ലീഡ് സ്വന്തമാക്കുവാൻ ഗോവയ്ക്ക് കഴിഞ്ഞു.

മത്സരത്തിൻ്റെ 10ആം മിനിറ്റിൽ നോവ സഡോയിയുടെ പാസിൽ നിന്നും എഡു ബേഡിയയാണ് ആതിഥേയർക്കായി ആദ്യ ഗോൾ നേടിയത്. തുടർന്ന് 20ആം മിനിറ്റിൽ അവർ ലീഡ് രണ്ടാക്കി ഉയർത്തുകയും ചെയ്തു. റെഡീം ലാങ്ങിൻ്റെ പാസിൽ നിന്നും ഇകേർ ഗൊയറോച്ചേനയാണ് ഇത്തവണ വലകുലുക്കിയത്. അതോടെ മത്സരം പൂർണമായും ഗോവയുടെ വരുതിയിലായി. കൂടുതൽ സമയം പന്ത് കൈവശം വെച്ചതും കൂടുതൽ ഷോട്ടുകൾ ഉത്തിർത്തതും എല്ലാം ആതിഥേയർ തന്നെയായിരുന്നു. ഒടുവിൽ മത്സരത്തിൻ്റെ അവസാന നിമിഷം ലഭിച്ച പെനൽറ്റിയിലൂടെ കൊളംബിയൻ താരം വിൽമർ ജോർദാൻ നോർത്ത് ഈസ്റ്റിന് വേണ്ടി ഒരുഗോൾ മടക്കിയെങ്കിലും ഒരുപാട് വൈകിപോയിരുന്നു.

അങ്ങനെ നിശ്ചിത സമയം അവസാനിച്ചതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഗോവ വിജയം സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 10 മത്സരങ്ങളിൽ നിന്നും 18 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സിനെ മറികടന്നുകൊണ്ട് ഗോവ അഞ്ചാം സ്ഥാനത്തേക്ക് കയറി. അത്രയും മത്സരങ്ങളിൽ നിന്നും ഒരു പോയിൻ്റ് പോലും നേടാനാകാതെ നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്ത് തുടരുകയാണ്.

Leave a comment