Foot Ball ISL Top News

ഈസ്റ്റ് ബംഗാളിനെ കീഴടക്കി ഒന്നാംസ്ഥാനം തിരികെപിടിച്ച് മുംബൈ സിറ്റി.!

December 16, 2022

author:

ഈസ്റ്റ് ബംഗാളിനെ കീഴടക്കി ഒന്നാംസ്ഥാനം തിരികെപിടിച്ച് മുംബൈ സിറ്റി.!

ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ നടന്ന 10ആം റൗണ്ട് പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിക്ക് തകർപ്പൻ വിജയം. ഈസ്റ്റ് ബംഗാളിൻ്റെ തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് സന്ദർശകരായ മുംബൈ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ലാലെങ്മാവിയ റാൾട്ടെ അഥവാ അപ്പുയ്യാ മുംബൈക്കായി ഇരട്ടഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ സ്വന്തമാക്കിയത് സ്കോട്ടിഷ് താരം ഗ്രെഗ് സ്റ്റുവർട്ട് ആയിരുന്നു. 26, 59 മിനിറ്റുകളിൽ ആയിരുന്നു അപ്പുയ്യാ വലകുലുക്കിയത്. ആദ്യ ഗോളിന് ഗ്രെഗ് സ്റ്റുവർട്ട് വഴിയൊരുക്കിയപ്പോൾ അഹമ്മദ് ജാഹു ആയിരുന്നു രണ്ടാം ഗോളിൽ പങ്കാളിയായത്.

രണ്ടാം പകുതിയുടെ 50ആം മിനിറ്റിൽ ആയിരുന്നു സ്റ്റുവർട്ടിൻ്റെ ഗോൾ പിറന്നത്. മുൻ ബ്ലാസ്റ്റേഴ്സ് താരം ഹോർഗെ പെരേര ഡയസാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. നിശ്ചിത സമയത്തിൻ്റെ അവസാന നിമിഷം ഒരു പെനൽറ്റി കൂടി മുംബൈക്ക് ലഭിച്ചിരുന്നെങ്കിലും കിക്ക് എടുത്ത 19 വയസുകാരൻ ഗുർകീരത് സിംഗ് അത് പാഴാക്കി. ഒടുവിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് സന്ദർശകർ വിജയം സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ ഹൈദരാബാദിനെ പിന്തള്ളിക്കൊണ്ട് ഒന്നാംസ്ഥാനം തിരികെ പിടിക്കാനും മുംബൈ സിറ്റിക്ക് സാധിച്ചു.

നിലവിൽ 10 മത്സരങ്ങളിൽ 24 പോയിൻ്റാണ് ടീമിൻ്റെ സമ്പാദ്യം. ഒരു മത്സരം പോലും ടീം പരാജയം അറിഞ്ഞിട്ടില്ല. മറുവശത്ത് തോൽവി വഴങ്ങിയ ഈസ്റ്റ്ബംഗാൾ 10 മത്സരങ്ങളിൽ നിന്നും 9 പോയിൻ്റുമായി 8ആം സ്ഥാനത്ത് തുടരുകയാണ്.

Leave a comment