Foot Ball qatar worldcup Top News

ആദ്യ ക്വാർട്ടറിൽ ക്രൊയേഷ്യയെ നേരിടാൻ കാനറിപ്പട ഇന്നിറങ്ങും.!

December 9, 2022

author:

ആദ്യ ക്വാർട്ടറിൽ ക്രൊയേഷ്യയെ നേരിടാൻ കാനറിപ്പട ഇന്നിറങ്ങും.!

ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ഇന്ന് അരങ്ങുണരാൻ പോകുകയാണ്. അഞ്ച് തവണ ലോകചാമ്പ്യന്മാർ ആയിട്ടുള്ള ബ്രസീൽ കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ്അപ്പായ ക്രൊയേഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക. മത്സരത്തിൽ കൂടുതൽ മുൻതൂക്കം ബ്രസീലിന് തന്നെയാണ്. എങ്കിലും ക്രൊയേഷ്യയെ എഴുതിത്തള്ളുവാൻ കഴിയില്ല. ഇരുടീമുകളും തമ്മിൽ ഇതുവരെ 4 പ്രാവശ്യമാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 3 വട്ടവും വിജയം ബ്രസീലിന് ഒപ്പം നിന്നു. ഒരു മത്സരം സമനിലയുമായി.

നിലവിലെ പ്രകടനങ്ങൾ വിലയിരുത്തുമ്പോഴും സെമിയിലേക്ക് യോഗ്യത നേടുവാൻ കൂടുതൽ സാധ്യത ബ്രസീലിന് തന്നെയാണ്. അവരുടെ സ്ക്വാഡ് ഡെപ്ത് തന്നെയാണ് ഏതൊരു ടീമിനെയും ഭയപ്പെടുത്തുന്നത്. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയാകും ടിറ്റെ ഇന്നത്തെ മത്സരത്തിലും അണിനിരത്തുക. സൂപ്പർ താരം ഗബ്രിയേൽ ജീസസും, അലക്സ് ടെല്ലസും പരിക്കേറ്റ് പുറത്തായെങ്കിലും ടീമിൻ്റെ പ്രകടനത്തെ അത് ബാധിക്കാനിടയില്ല. നെയ്മർ ജൂനിയർ നയിക്കുന്ന മുന്നേറ്റനിര തന്നെയാണ് ക്രൊയേഷ്യക്ക് വെല്ലുവിളി. പ്രീക്വാർട്ടറിൽ സൗത്ത് കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തുകൊണ്ടാണ് കാനറികളുടെ വരവ്.

മറുവശത്ത് ജപ്പാനെ ഷൂട്ടൗട്ടിൽ മറികടന്നുകൊണ്ടാണ് ക്രൊയേഷ്യ ക്വാർട്ടർ പ്രവേശനം നേടിയത്. മോഡ്രിച്ച്, പെരിസിച്ച്, കൊവാസിച്ച്, ബ്രൊസോവിച്ച്, ക്രമാരിച്ച്, ലോവ്റെൻ, ഗ്വാർഡിയോൾ, ലിവാകോവിച്ച് തുടങ്ങിയ പ്രഗത്ഭരായ ഒരുപിടി താരങ്ങളുടെ സാന്നിധ്യം ക്രൊയേഷ്യയ്ക്ക് പ്രതീക്ഷകൾ നൽകുന്നു. റഷ്യൻ ലോകകപ്പിൽ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാൻ ഉറച്ചാണ് ഡാലിച്ചിൻ്റെ ശിഷ്യന്മാർ ഇന്ന് ബ്രസീലിനെ നേരിടാൻ ഒരുങ്ങുന്നത്. ആറാം കിരീടം ലക്ഷ്യം വെച്ച് ബ്രസീൽ എത്തുമ്പോൾ ക്രൊയേഷ്യ അവരെ എങ്ങനെ തടുത്ത് നിർത്തുമെന്ന് കണ്ടുതന്നെ അറിയണം. എന്തായാലും ഒരു തകർപ്പൻ മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment