Foot Ball ISL Top News

ഡയമൻ്റാക്കോസിൻ്റെ ഗോളിൽ ജംഷഡ്പൂരിനെ മറികടന്ന് ബ്ലാസ്റ്റേഴ്സ്.!

December 4, 2022

author:

ഡയമൻ്റാക്കോസിൻ്റെ ഗോളിൽ ജംഷഡ്പൂരിനെ മറികടന്ന് ബ്ലാസ്റ്റേഴ്സ്.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സന്ദർശകരായ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. ആദ്യപകുതിയുടെ 17ആം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏകഗോൾ പിറക്കുന്നത്. ലൂണയുടെ മികച്ചൊരു ഫ്രികിക്കിൽ നിന്നും ഡയമൻ്റാക്കോസാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. ഇതോടെ തുടർച്ചയായ 4 മത്സരങ്ങളിലും ഗോൾ നേടുവാൻ താരത്തിനായി.

ബ്ലാസ്റ്റേഴ്സിനായുള്ള ഒമ്പതാം അസിസ്റ്റ് ആണ് ലൂണ പൂർത്തിയാക്കിയത്. തുടർന്ന് ആദ്യപകുതി പൂർണമായും ബ്ലാസ്റ്റേഴ്സിൻ്റെ കൈകളിലായിരുന്നു. ശേഷം രണ്ടാം പകുതിയിൽ ഗോൾ മടക്കണമെന്ന വാശിയോടെ ആതിഥേയർ കളത്തിലിറങ്ങിയെങ്കിലും ലെസ്കോവിച്ചിൻ്റെ നേതൃത്വത്തിലുള്ള മികച്ച പ്രതിരോധം അതിനെല്ലാം തടയിടുകയായിരുന്നു. മത്സരത്തിലുടനീളം കൂടുതൽ സമയം പന്ത് കൈവശം വെച്ചതും കൂടുതൽ ആക്രമിച്ചതുമെല്ലാം ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നെങ്കിലും ലീഡ് വർധിപ്പിക്കുവാൻ മാത്രം ഇവാൻ്റെ ശിഷ്യന്മാർക്ക് കഴിഞ്ഞില്ല. അങ്ങനെയൊടുവിൽ മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് വിജയിക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 8 മത്സരങ്ങളിൽ നിന്നും 15 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

അത്രയും മത്സരങ്ങളിൽ നിന്നും 4 പോയിൻ്റ് മാത്രം കൈവശമുള്ള ജംഷഡ്പൂർ 10ആം സ്ഥാനത്താണ്. അവരുടെ തുടർച്ചയായ നാലാം പരാജയമായിരുന്നു ഇത്.

അതേസമയം, ഈയൊരു മത്സരത്തോടെ സീസണിൽ തുടർച്ചയായ നാലാം മത്സരമാണ് ബ്ലാസ്റ്റേഴ്സ് വിജയിക്കുന്നത്. ഈ നാല് മത്സരങ്ങളിലും ഗോൾ നേടുവാൻ ഡയമൻ്റാക്കോസിന് സാധിച്ചു. കൂടാതെ താരം സ്കോർ ചെയ്ത ഒരു മത്സരത്തിലും ബ്ലാസ്റ്റേഴ്സ് സമനിലയോ, തോൽവിയോ വഴങ്ങിയിട്ടില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

Leave a comment