Foot Ball qatar worldcup Top News

ഓസ്ട്രേലിയയെ കീഴടക്കി ക്വാർട്ടറിലേക്ക് കാലെടുത്ത് വെച്ച് അർജൻ്റീന.!

December 4, 2022

author:

ഓസ്ട്രേലിയയെ കീഴടക്കി ക്വാർട്ടറിലേക്ക് കാലെടുത്ത് വെച്ച് അർജൻ്റീന.!

ലോകകപ്പിലെ രണ്ടാം പ്രീക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയയെ കീഴടക്കി അർജൻ്റീന ക്വാർട്ടറിൽ കടന്നു. ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആൽബിസെലസ്റ്റിയൻസ് വിജയം സ്വന്തമാക്കിയത്. തുടക്കം മുതൽ തന്നെ മത്സരത്തിൻ്റെ പൂർണനിയന്ത്രണം അർജൻ്റീനയുടെ കാലുകളിൽ ആയിരുന്നു. പന്ത് കൈവശം വെച്ച് മെല്ലെയുള്ള ആക്രമണമാണ് അർജൻ്റീന പുറത്തെടുത്തത്. അങ്ങനെ നിരന്തര ശ്രമങ്ങളുടെ ഫലമായി സൂപ്പർതാരം ലയണൽ മെസ്സിയിലൂടെ 35ആം മിനിറ്റിൽ അർജൻ്റീന മുന്നിലെത്തി.

 

 

മെസ്സിയുടെ ഒരു ഫ്രീകിക്കിൽ നിന്നും ഉരിത്തിരിഞ്ഞ ആക്രമണം ഒടുവിൽ മെസ്സിയുടെ കാലുകളിലൂടെ തന്നെ ഗോളായി മാറുകയായിരുന്നു. ഓട്ടാമെൻ്റിയായിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്. മെസ്സിയുടെ കരിയറിലെ 1000ആമത് മത്സരമായിരുന്നു ഇത്. അത് ഗോൾ അടിച്ചുകൊണ്ട് ആഘോഷിക്കുവാൻ താരത്തിനായി. അങ്ങനെ ഈയൊരു ഗോളിൻ്റെ ലീഡിൽ അർജൻ്റീന ആദ്യപകുതി അവസാനിപ്പിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ഓസ്ട്രേലിയൻ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് കൊണ്ട് ജൂലിയൻ അൽവാരസ് അർജൻ്റീനയുടെ രണ്ടാം ഗോൾ സ്വന്തമാക്കി. അതോടെ മത്സരം അർജൻ്റീനയ്ക്ക് ഉള്ളത് ആണെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാൽ 77ആം മിനിറ്റിൽ എൻസോ ഫെർണാണ്ടസിൻ്റെ സെൽഫ് ഗോളിൽ ഓസ്ട്രേലിയ ഒരു ഗോൾ മടക്കി.

ഗുഡ്വിൻ്റെ പുറത്തേക്ക് പാഞ്ഞ ഷോട്ട് ഫെർണാണ്ടസിൻ്റെ ദേഹത്ത് തട്ടി ഡിഫ്ലെക്റ്റ് ആയികൊണ്ട് ഗോൾ ആയി മാറുകയായിരുന്നു. സ്കോർ 2-1. ശേഷിച്ച സമയം മത്സരം കൂടുതൽ ആവേശകരമായി. 2 തവണ മെസ്സി തൻ്റെ വ്യക്തിഗത മികവിലൂടെ ഓസ്ട്രേലിയൻ താരങ്ങളെ കബളിപ്പിച്ച് ലൗത്താരോ മാർട്ടിനെസിന് പന്ത് എത്തിച്ചു നൽകിയെങ്കിലും 2 അവസരങ്ങളും താരം നഷ്ടപ്പെടുത്തി. ഇഞ്ചുറി ടൈമിൽ ഗോൾ നേടുവാനുള്ള തുടർ അവസരങ്ങൾ അർജൻ്റീനയ്ക്ക് ലഭിച്ചെങ്കിലും അതെല്ലാം നിർഭാഗ്യവശാൽ പാഴാകുകയായിരുന്നു. അവസാന നിമിഷം ഓസ്ട്രേലിയയ്ക്കും മികച്ച രണ്ട് അവസരങ്ങൾ ലഭിച്ചുവെങ്കിലും ലിസാൻഡ്രോ മാർട്ടിനെസ്, ഗോളി എമിലിയാനൊ മാർട്ടിനെസ് എന്നിവരുടെ കൃത്യമായ ഇടപെടൽ അർജൻ്റീനയ്ക്ക് തുണയായെന്ന് വേണം പറയാൻ.

ഒടുവിൽ നിശ്ചിത സമയം പൂർത്തിയായപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലാറ്റിൻ അമേരിക്കൻ ചാമ്പ്യന്മാരായ അർജൻ്റീന വിജയക്കൊടി പാറിക്കുകയായിരുന്നു. ഈയൊരു മിന്നും വിജയത്തോടെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുവാൻ സ്‌കലോണിക്കും സംഘത്തിനും കഴിഞ്ഞു. പരാജയം ഏറ്റുവാങ്ങിയ ഓസ്ട്രേലിയ ലോകകപ്പിൽ നിന്നും പുറത്തായി. ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ യു.എസ്.എയെ കീഴടക്കിയ നെതർലൻഡ്സ് ആണ് അർജൻ്റീനയുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ എതിരാളികൾ.

പരിക്കിൻ്റെ പിടിയിൽ ആയിരുന്ന സൂപ്പർ താരം ഏയ്ഞ്ചൽ ഡി മരിയ ഇല്ലാതെയാണ് അർജൻ്റീന കളത്തിലിറങ്ങിയത്. അതിൻ്റെ പോരായ്മകൾ മത്സരത്തിൽ നിഴലിച്ചെങ്കിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ അവർക്ക് സാധിച്ചു. തോറ്റെങ്കിലും അർജൻ്റീനയ്ക്ക് ഒരു വെല്ലുവിളി ഉയർത്തുവാൻ ഓസ്ട്രേലിയയ്ക്കും കഴിഞ്ഞു. മത്സരത്തിലുടനീളം തകർപ്പൻ പ്രകടനം പുറത്തെടുത്ത സാക്ഷാൽ ലയണൽ മെസ്സി തന്നെയാണ് കളിയിലെ താരം.

Leave a comment