Foot Ball qatar worldcup Top News

യു.എസ്.എയുടെ ഇടനെഞ്ചു പിളർത്തിക്കൊണ്ട് നെതർലൻഡ്സ് ക്വാർട്ടറിൽ..!

December 3, 2022

author:

യു.എസ്.എയുടെ ഇടനെഞ്ചു പിളർത്തിക്കൊണ്ട് നെതർലൻഡ്സ് ക്വാർട്ടറിൽ..!

ഖത്തർ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തിൽ യു.എസ്.എയെ കീഴടക്കി നെതർലൻഡ്സ്. ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓറഞ്ച് പട വിജയം സ്വന്തമാക്കിയത്. മത്സരത്തിൻ്റെ 10ആം മിനിറ്റിൽ തന്നെ അവർ ലീഡ് നേടുകയുണ്ടായി. വലത് പാർശ്വത്തിൽ നിന്നും ഡുംഫ്രൈസ് നൽകിയ നിലംപറ്റെയുള്ള ക്രോസിൽ നിന്നും ഒരു പവർഫുൾ ഷോട്ടിലൂടെ മെംഫിസ് ഡിപേയാണ് വലകുലുക്കിയത്.

ലീഡ് വഴങ്ങിയതോടെ മത്സരത്തിൻ്റെ നിയന്ത്രണം യു.എസ്.എ ഏറ്റെടുത്തു. ആദ്യ പകുതിയിൽ 64% പന്തടക്കമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. മികച്ച ഒരുപിടി അവസരങ്ങൾ അവർ സൃഷ്ടിച്ച് എടുത്തെങ്കിലും അതൊന്നും ഗോൾ ആയി മാറിയില്ല. സർജിനോ ഡെസ്റ്റിൻ്റെ മുന്നേറ്റം ഗോളിന് അടുത്ത് വരെ എത്തിയെങ്കിലും നെതർലൻഡ്സ് പ്രതിരോധം അത് ഭംഗിയായി ബ്ലോക്ക് ചെയ്ത് അകറ്റി. ഒടുവിൽ ആദ്യ പകുതിയുടെ അവസാന നിമിഷം വിങ് ബാക്ക് താരം ഡാലെയ് ബ്ലൈൻഡിലൂടെ നെതർലഡ്സ് ലീഡ് ഇരട്ടിപ്പിച്ചു. ഈയൊരു ഗോളിന് വഴിയൊരുക്കിയതും ഡുംഫ്രൈസ് തന്നെയായിരുന്നു.

ആദ്യഗോളിനോട് സമാനമായ പാസ് തന്നെയായിരുന്നു താരം ഇത്തവണയും നൽകിയത്. അതോടെ 2-0 എന്ന നിലയിൽ ഇരുടീമുകളും ഇടവേളയ്ക്ക് പിരിഞ്ഞു. തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ മടക്കുവാൻ ഉറച്ചാണ് യു.എസ്.എ കളത്തിലിറങ്ങിയത്. അതിനായി നിരന്തരം അവർ ആക്രമണങ്ങൾ നെയ്തെടുത്തു. അതോടെ നെതർലൻഡ്സിൻ്റെ ആക്രമണം കൗണ്ടർ അറ്റാക്കിലേക്ക് മാത്രമായി ചുരുങ്ങി. ഒടുവിൽ 76ആം മിനിറ്റിൽ യു.എസ്.എ ഒരു ഗോൾ മടക്കി. ക്യാപ്റ്റൻ ക്രിസ്റ്റ്യൻ പുലിസിച്ചിൻ്റെ പാസിൽ നിന്നും ഹാജി റൈറ്റാണ് ഒരു പുറംകാലൻ ഷോട്ടിലൂടെ ഗോൾ കണ്ടെത്തിയത്. അതോടെ യു.എസ് ആരാധകർക്ക് പ്രതീക്ഷയായി. പക്ഷേ ആ പ്രതീക്ഷകൾക്ക് വിള്ളൽ വീഴ്ത്തിക്കൊണ്ട് 81ആം മിനിറ്റിൽ ആദ്യ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയ ഡുംഫ്രൈസ് തന്നെ നെതർലൻഡ്സിന് വേണ്ടി മൂന്നാംഗോൾ സ്വന്തമാക്കി.

ബ്ലൈൻഡിൻ്റെ ക്രോസിൽ നിന്നുമാണ് താരം വലകുലുക്കിയത്. അതോടെ മത്സരം വീണ്ടും ഓറഞ്ചുപടയുടെ വുതിയിലായി. ശേഷിച്ച സമയം ഗോളിനായി യു.എസ്.എ ആവുന്നത്ര പൊരുതിയെങ്കിലും വാൻ ഡേയ്ക്കിൻ്റെ നേതൃത്വത്തിലുള്ള പ്രതിരോധം അതിനെല്ലാം തടയിടുകയായിരുന്നു. ഇതിനിടയിൽ ഡിപേയ് ഗോളിയെ ലാക്കാക്കി നൽകിയ മൈനസ് പാസ് പിടിച്ചെടുത്ത് ഗോളിയേയും മറികടന്ന് തുറന്ന പോസ്റ്റിലേക്ക് റൈറ്റ് ഷോട്ട് ഉതിർത്തെങ്കിലും കൃത്യസമയത്ത് വാൻഡെയ്ക്ക് ഒരു ഗോൾലൈൻ സേവിലൂടെ നെതർലൻഡ്സിനെ രക്ഷപ്പെടുത്തി.

അങ്ങനെയൊടുവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലൂയിസ് വാൻ ഗാലും സംഘവും യു.എസിനെതിരെ വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. അതോടെ ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിസ്റ്റുകൾ ആകുവാനും നെതർലൻഡ്സിന് കഴിഞ്ഞു. പരാജയം ഏറ്റുവാങ്ങിയ യു.എസ്.എ ലോകകപ്പിൽ നിന്നും പുറത്തായി. തോറ്റെങ്കിലും മികച്ച പ്രകടനം തന്നെയായിരുന്നു അവർ പുറത്തെടുത്തത്. മത്സരത്തിലുടനീളം കൂടുതൽ സമയവും പന്ത് കൈവശം വെച്ചതും കൂടുതൽ ആക്രമണം നടത്തിയതുമെല്ലാം യു.എസ്.എ തന്നെയായിരുന്നു. പ്രതിരോധത്തിലെ പാളിച്ചകളാണ് അവർക്ക് വിലങ്ങുതടിയായത്. അർജൻ്റീന-ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെയാവും ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സ് നേരിടുക.

മത്സരത്തിൽ ഒരു ഗോളും 2 അസിസ്റ്റുകളും സ്വന്തമാക്കിയ ഡുംഫ്രൈസ് ആണ് ഓറഞ്ചുപടയുടെ ഈയൊരു വിജയത്തിന് ചുക്കാൻ പിടിച്ചത്.

Leave a comment