Foot Ball qatar worldcup Top News

പ്രീക്വാർട്ടർ ടിക്കറ്റ് എടുക്കാൻ സ്വിറ്റ്സർലൻഡ് ഇന്ന് സെർബിയക്കെതിരെ.!

December 2, 2022

author:

പ്രീക്വാർട്ടർ ടിക്കറ്റ് എടുക്കാൻ സ്വിറ്റ്സർലൻഡ് ഇന്ന് സെർബിയക്കെതിരെ.!

ഗ്രൂപ്പ് ജിയിലെ പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡ് ഇന്ന് സെർബിയയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അരങ്ങേറുന്ന മത്സരത്തിന് 974 സ്റ്റേഡിയം ആണ് വേദിയാകുക. നിലവിൽ 2 മത്സരങ്ങളിൽ നിന്നും 3 പോയിൻ്റുമായി സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്തും, ഒരു പോയിൻ്റുമായി സെർബിയ അവസാന സ്ഥാനത്തുമാണ്. അതുകൊണ്ടുതന്നെ, ബ്രസീൽ ഇന്ന് കാമറൂണിനെ പരാജയപ്പെടുത്തുകയോ, സമനില വഴങ്ങുകയോ ചെയ്താൽ സെർബിയക്കെതിരെ കേവലം ഒരു സമനില മാത്രം മതിയാകും സ്വിസ് പടയ്ക്ക് നോക്കൗട്ട് ഉറപ്പിക്കുവാൻ. അതേസമയം കാമറൂൺ ഇന്ന് ബ്രസീലിനെ അട്ടിമറിക്കുകയും, സെർബിയയെ സ്വിറ്റ്സർലൻഡ് പരാജയപ്പെടുത്തുകയും ചെയ്താൽ ഗോൾ വ്യത്യാസത്തിൽ മുന്നിൽ എത്തുകയാണെങ്കിൽ സ്വിസ് ടീമിന് ഗ്രൂപ്പ് ചാമ്പ്യന്മാർ ആകുവാനും കഴിയും.

എന്നാൽ അതിന് നേരിയ സാധ്യതകൾ മാത്രമേയുള്ളൂ. മറുവശത്ത് വിജയിച്ചാൽ മാത്രമേ സെർബിയയ്ക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കുവാൻ സാധ്യതകൾ അവശേഷിക്കു. വിജയിച്ചാലും ഉറപ്പിക്കാൻ കഴിയില്ല. ബ്രസീൽ കാമറൂൺ മത്സരഫലത്തെ കൂടി ആശ്രയിക്കേണ്ടി വരും. എന്തായാലും സെർബിയയെ സംബന്ധിച്ചിടത്തോളം ഇന്നത്തേത് ഒരു ജീവന്മരണ പോരാട്ടം തന്നെയാകും. റ്റാഡിച്ച്, വ്ലഹോവിച്ച്, മിത്രോവിച്ച്, സാവിച്ച്, കോസ്റ്റിച്ച് തുടങ്ങിയ ഒരുപിടി മികച്ച താരങ്ങൾ ടീമിലുണ്ടെങ്കിലും ഇതുവരെ ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് എന്തായാലും ആ ഒരു മികവ് പുറത്തെടുക്കാനുള്ള സമയമാണ്.

അതേസമയം ആദ്യ മത്സരത്തിൽ കാമറൂണിനെ കീഴടക്കിയതിന് ശേഷം രണ്ടാം മത്സരത്തിൽ ബ്രസീലിനോട് പൊരുതി തോറ്റുകൊണ്ടാണ് സ്വിറ്റ്സർലൻഡിൻ്റെ വരവ്. എമ്പോളോ, ഷക്കീരി, ഷാക്കാ, ഫ്രോളർ, അക്കാഞ്ഞി, സോമർ തുടങ്ങിയ താരങ്ങളിലാണ് സ്വിസ് ടീമിൻ്റെ പ്രതീക്ഷകൾ. നോക്കൗട്ട് ഉറപ്പിക്കാനായി സ്വിറ്റ്സർലൻഡും ഒരു തിരിച്ചുവരവിനായി സെർബിയയും തയ്യാറെടുക്കുമ്പോൾ ആവേശകരമായൊരു മത്സരം തന്നെ നമുക്ക് കാണുവാൻ കഴിയും.

Leave a comment