Foot Ball qatar worldcup Top News

കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയിട്ടും പ്രീക്വാർട്ടർ കാണാതെ ജർമനി പുറത്ത്.!

December 2, 2022

author:

കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയിട്ടും പ്രീക്വാർട്ടർ കാണാതെ ജർമനി പുറത്ത്.!

തുടർച്ചയായ 2ആം വട്ടവും കരുത്തരായ ജർമനി ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായിരിക്കുന്നു. 2014ൽ കിരീടം നേടിയതിനു ശേഷം ഇതുവരെ അവർക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടുവാൻ കഴിഞ്ഞിട്ടില്ല. ഇന്ന് കോസ്റ്റാറിക്കയോട് വിജയിച്ചിട്ടും പുറത്താകേണ്ടി വന്നത് ജർമൻ ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്.

രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജർമനി അവസാന മത്സരത്തിൽ കോസ്റ്ററിക്കയെ തകർത്തുവിട്ടത്. ചെൽസി താരം കായ് ഹാവർട്സ് മത്സരത്തിൽ ഇരട്ടഗോൾ നേട്ടം സ്വന്തമാക്കി. 10ആം മിനിറ്റിൽ തന്നെ ജർമനി മുന്നിലെത്തുകയുണ്ടായി. റൗമിൻ്റെ പാസിൽ നിന്നും ഗ്നാബ്രിയാണ് ലക്ഷ്യം കണ്ടത്. ശേഷം പുരോഗമിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ കൂടുതൽ ഗോളുകൾ ഒന്നുംതന്നെ പിറന്നില്ല.

തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് 58ആം മിനിറ്റിൽ തന്നെ കോസ്റ്റാറിക്ക ഗോൾ മടക്കി. യെൽറ്റ്സിൻ റ്റെജഡയായിരുന്നു അവരെ ഒപ്പമെത്തിച്ചത്. പിന്നീട് നിരന്തരം ലീഡ് നേടുവാനുള്ള ജർമനിയുടെ ശ്രമങ്ങൾ ആണ് കാണുവാൻ കഴിഞ്ഞത്. എന്നാൽ 70ആം മിനിറ്റിൽ ന്യൂയറിൻ്റെ സെൽഫ് ഗോളിൽ കോസ്റ്റാറിക്ക ലീഡ് നേടി. വീണ്ടുമൊരു അട്ടിമറി ജർമനി മണുക്കുന്നുവെന്ന് തോന്നിയ നിമിഷം. എന്നാൽ വെറും 3 മിനിട്ടിൻ്റെ ഇടവേളയിൽ സബ് ആയി കളത്തിലിറങ്ങിയ ഹാവർട്സിലൂടെ ജർമനി ഗോൾ മടക്കി.

മറ്റൊരു സബ്സ്റ്റിറ്റ്യൂട്ട് താരം ഫുൾക്രഗ് ആണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. സ്കോർ 2-2. തുടർന്ന് വിജയഗോളിനായുള്ള ശ്രമങ്ങൾക്കൊടുവിൽ ഹാവർട്സ് ടീമിൻ്റെ മൂന്നാം ഗോളും തൻ്റെ ഇരട്ടഗോളും പൂർത്തിയാക്കി. ഗ്നാബ്രിയായിരുന്നു ഗോളിൽ പങ്കാളിയായത്. 4 മിനിറ്റിന് ശേഷം ഫുൾക്രഗ് കൂടി സ്കോർ ചെയ്തതോടെ ജർമൻ പട്ടിക പൂർത്തിയായി. സനെയാണ് ഗോളിന് വഴിയിരുക്കിയത്. ഒടുവിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ജർമൻ പട വിജയം സ്വന്തമാക്കുകയായിരുന്നു. മികച്ചൊരു വിജയം നേടിയിട്ടും നോക്കൗട്ടിലേക്ക് പ്രവേശിക്കുവാൻ കഴിയാതിരുന്നത് അവർക്ക് വലിയ തിരിച്ചടിയായി. ആദ്യ മത്സരത്തിൽ ജപ്പാനോട് ഏറ്റ പരാജയമാണ് ഈയൊരു വിധി എഴുതിയത്.

3 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി 3ആം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. സ്പെയിനും അത്രതന്നെ പോയിൻ്റ് ആയിരുന്നുവെങ്കിലും ഗോൾവ്യത്യാസത്തിൽ ബഹുദൂരം മുന്നിലുള്ളത് അവർക്ക് ഗുണം ചെയ്യുകയായിരുന്നു. അതോടെ ജർമനിയും, കോസ്റ്റാറിക്കയും ലോകകപ്പിൽ നിന്നും പുറത്തായി. മുള്ളർ, ന്യൂയർ തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് അങ്ങനെ കണ്ണീർ മാത്രം സമ്മാനിച്ചുകൊണ്ട് ജർമൻ ആരാധകർക്ക് മുന്നിലൂടെ കടന്നുപോയി.

Leave a comment