Foot Ball qatar worldcup Top News

ആര് വീഴും, ആര് വാഴും..? നിർണായക മത്സരത്തിൽ അർജൻ്റീന ഇന്ന് പോളണ്ടിനെതിരെ.!

November 30, 2022

author:

ആര് വീഴും, ആര് വാഴും..? നിർണായക മത്സരത്തിൽ അർജൻ്റീന ഇന്ന് പോളണ്ടിനെതിരെ.!

ലോകകപ്പിലെ ഏറ്റവും ആകാംഷയേറിയൊരു മത്സരമാണ് ഇന്ന് നടക്കുവാനിരിക്കുന്നത്. കിരീടം നേടാൻ സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു അർജൻ്റീന. എന്നാൽ ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടതോടെ കാര്യങ്ങൾ അവതാളത്തിലായി. ഇന്ന് നിർണായക മത്സരത്തിനായി അവർ കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് 974 സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ പോളണ്ടാണ് ആൽബിസെലസ്റ്റിയൻസിൻ്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ മെക്‌സിക്കോയെ തകർത്തുകൊണ്ട് അർജൻ്റീന ശക്തമായി തിരിച്ചുവന്നിരുന്നു.

ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാൻ കഴിഞ്ഞാൽ അവർക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് പ്രവേശിക്കുവാൻ കഴിയും. അതേസമയം മത്സരം പരാജയപ്പെട്ടാൽ ലോകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്‌ത്തിക്കൊണ്ട് അവർ ലോകകപ്പിൽ നിന്നും വിടവാങ്ങേണ്ടി വരും. അങ്ങനെ സംഭവിക്കില്ല എന്ന് തന്നെയാണ് ഓരോ ആരാധകൻ്റെയും വിശ്വാസം. മികച്ച ഫോമിലുള്ള സൂപ്പർതാരം ലയണൽ മെസ്സി തന്നെയാണ് ടീമിൻ്റെ കരുത്ത്. ഒപ്പം ഡി പോൾ, ഡി മരിയ, ലൗത്താരോ തുടങ്ങിയ താരങ്ങൾ കൂടി ഫോമിലേക്ക് എത്തിയാൽ പോളണ്ടിനെ അനായാസം മറികടക്കാൻ അർജൻ്റീനയ്ക്ക് സാധിക്കും. കഴിഞ്ഞ മത്സരത്തിൽ സബ് ആയി വന്ന് മികച്ച പ്രകടനം പുറത്തെടുത്ത എൻസോ ഫെർണാണ്ടസ് ഇന്ന് ഗൈഡോ റോഡ്രിഗസിന് പകരക്കാരനായി ആദ്യ ഇലവനിൽ ഉണ്ടായേക്കും. പ്രതിരോധത്തിലും സ്കലോണി മാറ്റങ്ങൾ വരുത്താനാണ് സാധ്യത. എന്തായാലും വിജയം മാത്രം ലക്ഷ്യം വെച്ചാകും മെസ്സിയും സംഘവും ഇന്ന് അവസാന റൗണ്ട് പോരാട്ടത്തിന് തയ്യാറെടുക്കുക. അതുകൊണ്ടുതന്നെ മികച്ചൊരു മത്സരം തന്നെ നമുക്ക് കാണുവാൻ സാധിക്കും.

മത്സരം സമനില ആകുകയാണെങ്കിലും അർജൻ്റീനയ്ക്ക് സാധ്യതകൾ ഉണ്ട്. സൗദി-മെക്സിക്കോ മത്സരം സമനില ആകുകയോ, ആ മത്സരത്തിൽ 3ൽ താഴെ ഗോളുകൾക്ക് മെക്സിക്കോ വിജയിക്കുകയോ ചെയ്താൽ മതിയാകും അർജൻ്റീന രണ്ടാം സ്ഥാനക്കാർ ആയി നോക്കൗട്ടിൽ എത്താൻ. അതേസമയം ആ മത്സരം സൗദി വിജയിച്ചാൽ പോളണ്ടിനെ അർജൻ്റീനയ്ക്ക് കീഴടക്കേണ്ടി വരും നോക്കൗട്ടിൽ പ്രവേശിക്കുവാൻ. എന്തായാലും ഇന്നത്തെ മത്സരത്തിൽ സർവതും ത്യജിക്കാൻ തയ്യാറായിക്കൊണ്ടാവും ഓരോ താരവും കളത്തിലിറങ്ങുക. മറുവശത്ത് പോളണ്ട് പ്രതിരോധത്തിന് ആയിരിക്കും മുൻഗണന നൽകുക. കാരണം ഒരു സമനില മാത്രം മതിയാകും അവർക്ക് നോക്കൗട്ട് ഉറപ്പിക്കുവാൻ. അതുകൊണ്ടുതന്നെ തോൽക്കാതിരിക്കുക എന്നത് മാത്രമായിരിക്കും ലെവണ്ടോസ്കിയുടെയും സംഘത്തിൻ്റെയും ലക്ഷ്യം. അർജൻ്റീനയുടെ പൊസഷൻ ഗെയിമിന് കൗണ്ടർ അറ്റാക്കിലൂടെയാകും പോളണ്ട് മറുപടി നൽകുക.

ലെവണ്ടോസ്കി, സെലിൻസ്കി, മിലിച്ച് തുടങ്ങി ഒരുപിടി കരുത്തുറ്റ താരങ്ങൾ അവർക്കുണ്ട്. കരുതി കളിച്ചില്ലെങ്കിൽ അർജൻ്റീനയ്ക്ക് പോളണ്ട് വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്തായാലും നോക്കൗട്ട് ലക്ഷ്യം വെച്ച് രണ്ട് ടീമുകളും കളത്തിലിറങ്ങുമ്പോൾ ലോകം മുഴുവൻ ഈയൊരു മത്സരത്തിലേക്ക് ചുരുങ്ങുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. കാരണം, ഇത് ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് ആയേക്കാമെന്നത് തന്നെ. അയാൾക്ക് വേണ്ടി ഇന്ന് അർജൻ്റീനയ്ക്ക് വിജയിച്ചേ തീരൂ. നമുക്ക് കാത്തിരുന്നു കാണാം.

Leave a comment