Foot Ball qatar worldcup Top News

നോക്കൗട്ട് ഉറപ്പിക്കാൻ നെതർലൻഡ്സ്; ആശ്വാസ ജയത്തിനായി ഖത്തർ.!

November 29, 2022

author:

നോക്കൗട്ട് ഉറപ്പിക്കാൻ നെതർലൻഡ്സ്; ആശ്വാസ ജയത്തിനായി ഖത്തർ.!

ലോകകപ്പിലെ ഗ്രൂപ്പ് എയിൽ നടക്കുന്ന അവസാന റൗണ്ട് പോരാട്ടത്തിൽ നെതർലൻഡ്സ് ഇന്ന് ആതിഥേയരായ ഖത്തറിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ഒരു വിജയവും, ഒരു സമനിലയുമായി 4 പോയിൻ്റോടെ നെതർലൻഡ്സ് ഒന്നാം സ്ഥാനത്ത് തന്നെയുണ്ടെങ്കിലും ഇന്നത്തെ മത്സരത്തെ ആശ്രയിച്ച് ആയിരിക്കും ഓറഞ്ച്പടയുടെ പ്രീക്വാർട്ടർ ഭാവി നിർണയിക്കപ്പെടുക. ഇന്നൊരു സമനില നേടിയാൽ പോലും അവർക്ക് പ്രീക്വാർട്ടർ ഉറപ്പിക്കുവാൻ കഴിയും. എന്നിരുന്നാലും ഒരു മികച്ച വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊണ്ട് നോക്കൗട്ട് ഉറപ്പിക്കാൻ ആകും ലൂയിസ് വാൻഗാലും സംഘവും ശ്രമിക്കുക. ഇക്വഡോറിനെതിരെ ടീം കഷ്ടിച്ച് ആണ് സമനില നേടിയത്. ഭാഗ്യം കൊണ്ടുമാത്രമാണ് അവർ പരാജയം രുചിക്കാതിരുന്നത്. എന്തായാലും ഖത്തർ അത്ര വെല്ലുവിളി ഉയർത്താൻ സാധ്യത ഇല്ലാത്തത് കൊണ്ടുതന്നെ ഇന്ന് മികച്ചൊരു വിജയം സ്വന്തമാക്കാൻ കഴിയുമെന്ന് തന്നെയാണ് നെതർലൻഡ്സിൻ്റെ പ്രതീക്ഷ.

മുന്നേറ്റത്തിൽ കോഡി ഗാക്പോയുടെ മിന്നുന്ന ഫോമും, വാൻ ഡെയ്ക്കിൻ്റെ നേതൃത്വത്തിലുള്ള മികച്ച പ്രതിരോധവും അവർക്ക് ആത്മവിശ്വാസം കൂട്ടുന്നു. മറുവശത്ത് ഒരു ആശ്വാസ ജയത്തിനായാണ് ഖത്തർ കളത്തിലിറങ്ങുന്നത്. കളിച്ച 2 മത്സരങ്ങളും പരാജയപ്പെട്ടുകൊണ്ട് അവസാന സ്ഥാനത്താണ് ആതിഥേയർ. ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്ന ആദ്യ ആതിഥേയർ എന്ന മോശം റെക്കോർഡും അവരുടെ പേരിൽ ആയിരുന്നു. എന്തായാലും ഇനി ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തതിനാൽ, സ്വന്തം കാണികൾക്ക് മുന്നിൽ ഒരു ആശ്വാസവിജയം എന്ന ലക്ഷ്യത്തോടെ സർവതും മറന്നുള്ള പോരാട്ടം തന്നെ ഖത്തർ പുറത്തെടുത്തേക്കാം. അതുകൊണ്ടുതന്നെ ആവേശകരമായൊരു മത്സരം തന്നെയാകും നടക്കുവാൻ പോകുന്നത്.

Leave a comment