Foot Ball qatar worldcup Top News

ബ്രൂണോ എന്ന മാന്ത്രികൻ.!

November 29, 2022

author:

ബ്രൂണോ എന്ന മാന്ത്രികൻ.!

ഈ ലോകകപ്പിലെ പോർച്ചുഗലിൻ്റെ പ്രധാന ആകർഷണ കേന്ദ്രം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെങ്കിൽ പോലും കഴിഞ്ഞ 2 മത്സരങ്ങളിലും ടീമിൻ്റെ വിജയങ്ങളിലെ ഇന്ധനമായി പ്രവർത്തിച്ചത് ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു. ആദ്യ മത്സരത്തിൽ ഘാനയോട് പോർച്ചുഗൽ പതറിയപ്പോൾ നിർണായകമായ 2 ഗോളുകൾക്ക് വഴിയൊരുക്കിക്കൊണ്ട് ബ്രൂണോ ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചു കയറ്റി. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ലാറ്റിൻ അമേരിക്കയിലെ കരുത്തരായ ഉറുഗ്വായെ പോർച്ചുഗൽ നേരിട്ടപ്പോഴും സ്ഥിതി മറ്റൊന്നുമായില്ല. എതിരില്ലാത്ത 2 ഗോളുകൾക്ക് പറങ്കിപ്പട വിജയക്കൊടി പാറിച്ച മത്സരത്തിൽ 2 ഗോളുകളും പിറന്നത് ബ്രൂണോ എന്ന മാന്ത്രികൻ്റെ കാലുകളിൽ നിന്നുമായിരുന്നു. സംശയമേതുമില്ലാതെ പറയാം ഈ ലോകകപ്പിൽ പോർച്ചുഗൽ എന്ന ടീമിൻ്റെ കുതിപ്പിന് ഊർജം പകരുന്ന ഇന്ധനമാണ് ബ്രൂണോ ഫെർണാണ്ടസ്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു ഇന്നലെ രണ്ടു ഗോളുകളും പിറന്നത്. 54ആം മിനിറ്റിൽ ബ്രൂണോ, റൊണാൾഡോയെ ലാക്കാക്കി നൽകിയ ക്രോസ് ഒരു ഡയറക്ട് ഗോൾ ആയി മാറുകയായിരുന്നു. ഗോളിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോൾ നേടിയത് എന്നാണ് ഫിഫ വരെ കരുതിയത്. ആ തരത്തിൽ ആയിരുന്നു റൊണാൾഡോയുടെ സെലിബ്രേഷനും. ബ്രൂണോയും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്. എന്നാൽ വിശദമായ പരിശോധനയിൽ പന്ത് റൊണാൾഡോയ്ക്ക് സ്പർശിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമായതോടെ ഗോൾ ബ്രൂണോയ്ക്ക് അനുവദിക്കപ്പെടുകയായിരുന്നു. എന്തായാലും റൊണാൾഡോയുടെ ഇടപെടൽ കൊണ്ടായിരുന്നു ഗോളി കബളിപ്പിക്കപ്പെട്ടതും ഈയൊരു ഗോൾ നേടുവാൻ കഴിഞ്ഞതും. ശേഷം ഇഞ്ചുറി ടൈമിൽ ഉറുഗ്വായ് താരത്തിൻ്റെ കയ്യിൽ പന്ത് തട്ടിയതിനു ലഭിച്ച പെനൽറ്റി ഗോളാക്കിക്കൊണ്ട് ബ്രൂണോ തൻ്റെയും ടീമിൻ്റെയും രണ്ടാം ഗോളും സ്വന്തമാക്കി. പെനൽറ്റി നേടിയെടുത്തതും ബ്രൂണോ തന്നെയായിരുന്നു. അതോടെ കഴിഞ്ഞ ലോകകപ്പിലെ പ്രീക്വാർട്ടറിൽ ഉറുഗ്വായോട് ഏറ്റ തോൽവിക്ക് പകരം വീട്ടുവാനും പോർച്ചുഗലിന് സാധിച്ചു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബ്രൂണോ തന്നെ.

ഈ ലോകകപ്പിൽ ഇതുവരെ പോർച്ചുഗൽ നേടിയ 5 ഗോളിൽ 4 എണ്ണത്തിലും ബ്രൂണോയുടെ പങ്കാളിത്തം ഉണ്ടായിരുന്നു. 2 ഗോളുകളും 2 അസിസ്റ്റുകളുമാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ടോപ് സ്കോറർ പട്ടികയിലും, ടോപ് അസിസ്റ്റ് പ്രൊവൈഡർ പട്ടികയിലുമെല്ലാം താരം മുൻനിരയിലുണ്ട്. ഇതുപോലൊരു താരത്തെയായിരുന്നു ഇക്കാലമത്രെയും പോർച്ചുഗൽ എന്ന ടീം തേടിക്കൊണ്ടിരുന്നത്. താരത്തിൻ്റെ ഈ പ്രകടനം മുന്നോട്ടുള്ള യാത്രയിലും തുടർന്നാൽ പോർച്ചുഗലിന് ഇനിയും കൂടുതൽ ദൂരം താണ്ടുവാൻ കഴിയും. ഗോൾ നേടുവാൻ റൊണാൾഡോ, ഫെലിക്സ്, ലിയാവോ തുടങ്ങിയ താരങ്ങളും കൂടിയുള്ളപ്പോൾ അതിന് വഴിയൊരുക്കാൻ ബ്രൂണോ എന്ന മാന്ത്രികൻ പിന്നിലുണ്ടാവും.

ഫുട്ബോൾ എന്ന മാന്ത്രികവടി കൊണ്ട് മായാജാലം തീർക്കുവാൻ ബ്രൂണോ ഫെർണാണ്ടസ് എന്ന മാന്ത്രികന് ഇനിയും സാധിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment