Foot Ball qatar worldcup Top News

കാസെമിറോയുടെ കിടിലൻ ഗോളിൽ സ്വിറ്റ്സർലൻഡിനെ കീഴടക്കി ബ്രസീൽ.!

November 28, 2022

author:

കാസെമിറോയുടെ കിടിലൻ ഗോളിൽ സ്വിറ്റ്സർലൻഡിനെ കീഴടക്കി ബ്രസീൽ.!

ലോകകപ്പിലെ ഗ്രൂപ്പ് ജിയിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ബ്രസീലിന് ഏകപക്ഷീയമായ ഒരു ഗോൾ വിജയം. ദോഹയിലെ 974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതി ഗോൾരഹിതമായിരുന്നു. ബ്രസീൽ തന്നെയായിരുന്നു ആദ്യപകുതിയിൽ ആധിപത്യം പുലർത്തിയത്. ഒന്നിലേറെ വട്ടം അവർ സ്വിസ് ഗോൾമുഖത്തെ വിറപ്പിച്ചെങ്കിലും അതൊന്നും ഗോൾ ആക്കി മാറ്റുവാൻ അവർക്ക് സാധിച്ചില്ല. മികച്ച പ്രകടനമായിരുന്നു മാനുവേൽ അക്കാഞ്ഞിയുടെ നേതൃത്വത്തിലുള്ള സ്വിസ് പ്രതിരോധനിര പുറത്തെടുത്തത്. അതേസമയം ബ്രസീലിന് വലിയ ഭീഷണികൾ ഉണ്ടാക്കുവാൻ ആദ്യപകുതിയിൽ സ്വിറ്റ്സർലൻഡിന് കഴിഞ്ഞില്ല. അതോടെ 0-0 എന്ന നിലയിൽ ആദ്യ പകുതി അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ ഉറച്ചാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. അതിൻ്റെ ഫലമായി ഗോൾ നേടുവാനുള്ള നിരന്തര ശ്രമങ്ങൾ ബ്രസീലിൻ്റെ ഭാഗത്ത് നിന്നും കണ്ടു. ഇതിനിടയിൽ 66ആം മിനിറ്റിൽ വിനിഷ്യസ് ജൂനിയർ ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്സൈഡ് ആയിമാറി.

ശേഷം 83ആം മിനിറ്റിലാണ് മത്സരത്തിലെ ഏകഗോൾ പിറക്കുന്നത്. റോഡ്രിഗോയുടെ പാസിൽ നിന്നും ഒരു ബുള്ളറ്റ് ഷോട്ടിലൂടെ കാസെമിറോയാണ് ലക്ഷ്യം കണ്ടത്. താരത്തിൻ്റെ ഷോട്ട് നോക്കി നിൽക്കാനേ സ്വിസ് ഗോൾകീപ്പർ സോമെറിന് കഴിഞ്ഞുള്ളൂ. പന്ത് പോസ്റ്റിൻ്റെ വലത് ടോപ് കോർണറിൽ ആണ് പതിച്ചത്. അവശേഷിച്ച സമയവും കൂടുതൽ ആക്രമിച്ചത് ബ്രസീൽ തന്നെയായിരുന്നു. എന്നാൽ ഗോളുകൾ ഒന്നും തന്നെ പിറന്നില്ല. സ്വിസ് ടീമിനെ വരച്ച വരയിൽ നിർത്തുവാൻ തിയാഗോ സിൽവയ്ക്കും സംഘത്തിനും കഴിഞ്ഞു. മികച്ച ഒരുപിടി അവസരങ്ങൾ അവർ സൃഷ്ടിച്ചെടുത്തിരുന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് കാനറിപ്പട വിജയം സ്വന്തമാക്കുകയായിരുന്നു.

ഈയൊരു വിജയത്തോടെ നോക്കൗട്ട് ഉറപ്പിക്കാൻ ബ്രസീലിന് കഴിഞ്ഞു. 2 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റുമായി ഒന്നാം സ്ഥാനത്താണ് ടിറ്റെയും സംഘവും ഉള്ളത്. തോറ്റെങ്കിലും സ്വിറ്റ്സർലൻഡ് 3 പോയിൻ്റുമായി 2ആം സ്ഥാനത്ത് തന്നെയുണ്ട്. പരിക്കേറ്റ സൂപ്പർതാരം നെയ്മർ ജൂനിയർ ഇല്ലതെയായിരുന്നു ബ്രസീൽ കളത്തിലിറങ്ങിയത്. നെയ്മറിൻ്റെ കുറവ് മത്സരത്തിൽ പ്രകടമായെങ്കിൽ പോലും മത്സരം വിജയിച്ചുകൊണ്ട് നോക്കൗട്ട് ഉറപ്പിക്കാൻ അവർക്ക് സാധിച്ചു.

Leave a comment