പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് കളിച്ചേക്കില്ല
ഐസിസി ടി20 ലോകകപ്പിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് വരാനിരിക്കുന്ന പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. അതേസമയം, ടി20 ലോകകപ്പിന് ശേഷം മാർക്ക് വുഡിനും മധ്യനിര താരം ഹാരി ബ്രൂക്കിനും രണ്ടാഴ്ചത്തെ വിശ്രമം അനുവദിച്ചതായി ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ ബെൻ സ്റ്റോക്സ് വ്യക്തമാക്കി.
ലോകകപ്പിന് മുന്നോടിയായി അടുത്തിടെ പാകിസ്ഥാൻ പര്യടനത്തിനിടെ ഇംഗ്ലണ്ട് കളിച്ച ഏഴ് ടി20കളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വുഡ് ഇടംപിടിച്ചത്. പാകിസ്ഥാൻ പരമ്പരയിലെ രണ്ട് കളികളിൽ, 5.50 എന്ന ശ്രദ്ധേയമായ ഇക്കോണമി നിരക്കിൽ വുഡ് ആറ് വിക്കറ്റുകളാണ് നേടിയത്.
മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ഡിസംബര്‍ ഒന്നിന് റാവല്‍പിണ്ടിയില്‍ നടക്കും. ഡിസംബര്‍ ഒമ്പതിന് മുള്‍ട്ടാനിലാണ് രണ്ടാം ടെസ്റ്റ്. മൂന്നാം ടെസ്റ്റ് ഡിസംബര്‍ 17ന് കറാച്ചിയില്‍ നടക്കും. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്ഥാനില്‍ ടെസ്റ്റ് കളിക്കാനൊരുങ്ങുന്നത്. നിലവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അബുദാബിയില്‍ പരിശീലനത്തിലാണ്. ഇംഗ്ലണ്ട് ലയണ്‍സുമായി ത്രിദിന സന്നാഹ മത്സരം കളിക്കും. നവംബര്‍ 23 മുതല്‍ 25 വരെയാണ് മത്സരം. 27ന് ടീം ഇസ്ലാമാബാദിലെത്തും.