Foot Ball qatar worldcup Top News

ഐ.എസ്.എല്ലിൽ ഇന്ന് ഗോവ, ബംഗളുരു പോരാട്ടം.!

November 26, 2022

author:

ഐ.എസ്.എല്ലിൽ ഇന്ന് ഗോവ, ബംഗളുരു പോരാട്ടം.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന മത്സരത്തിൽ എഫ്സി ഗോവ, ബംഗളുരു എഫ്സിയെ നേരിടും. ഗോവയുടെ തട്ടകമായ ഫറ്റോർഡാ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ എ.ടി.കെയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തുവിട്ട ആത്മവിശ്വാസത്തിൽ ആണ് ഗോവൻ പട്ടാളം ഇന്ന് കളത്തിലിറങ്ങുവാൻ ഒരുങ്ങുന്നത്. അതേസമയം മുംബൈ സിറ്റിയോടേറ്റ കനത്ത തോൽവിയുടെ ക്ഷീണവുമായാണ് ബംഗളുരുവിൻ്റെ വരവ്. സീസണിൽ ആകെ ഒരു മത്സരം മാത്രമാണ് ഇതുവരെ അവർക്ക് വിജയിക്കാൻ കഴിഞ്ഞത്. സുനിൽ ഛേത്രി, റോയ് കൃഷ്ണ, സന്ദേശ് ജിങ്കാൻ തുടങ്ങിയ വമ്പൻ താരനിര തന്നെ ഉണ്ടായിട്ടും പരാജയം തുടർക്കഥ ആകുന്നത് ബംഗളുരു ആരാധകർക്ക് വൻ നിരാശയാണ് സമ്മാനിക്കുന്നത്. അതിന് പരിഹാരം കാണണമെങ്കിൽ ഛേത്രിക്കും സംഘത്തിനും ഇന്ന് വിജയം കൂടിയേ തീരൂ. എന്നാൽ ഗോവയെ അവരുടെ തട്ടകത്തിൽ കീഴടക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല.

കാർലോസ് പെനയുടെ ടീം ഒന്നടങ്കം മികച്ച ഫോമിലാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ അവരെ പരാജയപ്പെടുത്തണമെങ്കിൽ ബംഗളുരു പഴയ പ്രതാപത്തിലേക്ക് മടങ്ങി എത്തേണ്ടി വരും. ഇപ്പോഴുള്ള നിലവാരം വെച്ച് ഗോവയെ കീഴടക്കുക അസാധ്യമാണ്. ഛേത്രി, റോയ് കൃഷ്ണ, ഉദാന്ത തുടങ്ങിയ മികച്ച മുന്നേറ്റനിര താരങ്ങൾ ഉണ്ടായിരുന്നിട്ടും കേവലം 2 ഗോളുകളാണ് അവർ 6 മത്സരങ്ങളിൽ നിന്നും ആകെ നേടിയിട്ടുള്ളത്. നിലവിൽ 6 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റ് നേടിയ ഗോവ 4ആം സ്ഥാനത്തും അത്രയും മത്സരങ്ങളിൽ നിന്നും 4 പോയിൻ്റ് മാത്രമുള്ള ബംഗളുരു 10ആം സ്ഥാനത്തുമാണ്.

Leave a comment