Foot Ball qatar worldcup Top News

ഇംഗ്ലണ്ടിനെ സമനിലയിൽ കുരുക്കി യു.എസ്.എ.!

November 26, 2022

author:

ഇംഗ്ലണ്ടിനെ സമനിലയിൽ കുരുക്കി യു.എസ്.എ.!

ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ യു.എസ്.എക്കെതിരെ ഇംഗ്ലണ്ടിന് സമനില. ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഗോളുകൾ ഒന്നും നേടാൻ കഴിയാതെ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഇറാനെ ഗോൾമഴയിൽ മുക്കിയ പോരാട്ടവീര്യം ഇംഗ്ലണ്ടിന് യു.എസ്.എയ്ക്ക് മുന്നിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഗോൾ നേടുവാൻ ഉള്ള നിരവധി അവസരങ്ങൾ ഇരുടീമുകൾക്കും ലഭിച്ചതാണ്. എന്നാൽ നിർഭാഗ്യം കൊണ്ടും ഫിനിഷിങ്ങിലെ പോരായ്മകൾ കൊണ്ടുമൊക്കെ അവയൊന്നും ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല. യു.എസ് ക്യാപ്റ്റൻ പുലിസിച്ചിൻ്റെ തകർപ്പൻ ഷോട്ട് ക്രോസ് ബാറിൽ തട്ടിമടങ്ങിയത് തലയിൽ കൈവെച്ച് ആകും ഓരോ യു.എസ് ആരാധകനും കണ്ടിട്ടുണ്ടാവുക.

ആക്രമണത്തിൽ ഇംഗ്ലണ്ടിനെക്കാൾ ഒരൽപം മുന്നിൽ യു.എസ്.എ തന്നെയായിരുന്നു. എന്തായാലും ഇറാൻ വധത്തിനു ശേഷം എത്തിയ ഇംഗ്ലണ്ട് ടീമിനെ വിറപ്പിച്ച് നിർത്തുവാൻ ബെർഹാൽട്ടെറിൻ്റെ ശിഷ്യന്മാർക്ക് സാധിച്ചു. ഈയൊരു സമനിലയോടെ ലോകകപ്പിൽ ഇതുവരെ യു.എസ്.എയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്ന മോശം റെക്കോർഡ് ഇംഗ്ലണ്ടിന് മാറ്റുവാൻ കഴിഞ്ഞില്ല. ഇരുടീമുകളും തമ്മിൽ 3 വട്ടമാണ് ഇതുവരെ ലോകകപ്പ് മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുള്ളത്. 2 മത്സരങ്ങൾ സമനിലയായപ്പോൾ ഒരു മത്സരം യു.എസ് വിജയിക്കുകയായിരുന്നു. മത്സരത്തിൽ പാഴാക്കിയ അവസരങ്ങളെ ഓർത്ത് ഇംഗ്ലണ്ടിന് ദുഃഖിക്കാനേ ഇനി വഴിയുള്ളൂ. എന്നിരുന്നാലും 2 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി ഇംഗ്ലണ്ട് തന്നെയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. 2 പോയിൻ്റ് മാത്രം കൈവശമുള്ള യു.എസ്.എ മൂന്നാം സ്ഥാനത്താണ്. വരുന്ന മൂന്നാം റൗണ്ട് മത്സരങ്ങൾ ആയിരിക്കും ഗ്രൂപ്പിലെ പ്രീക്വാർട്ടർ പ്രവേശകരെ നിർണ്ണയിക്കുക.

Leave a comment