Foot Ball qatar worldcup Top News

റിച്ചാർലിസണിന് ഡബിൾ; സെർബിയയെ തകർത്ത് കാനറിപ്പട.!

November 25, 2022

author:

റിച്ചാർലിസണിന് ഡബിൾ; സെർബിയയെ തകർത്ത് കാനറിപ്പട.!

ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ സെർബിയക്കെതിരെ ബ്രസീലിന് മിന്നും വിജയം. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റിച്ചാർലിസണിൻ്റെ ഇരട്ടഗോൾ മികവിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് കാനറിപ്പട വെന്നിക്കൊടി പാറിച്ചത്. മത്സരത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ ആക്രമണം തുടർന്ന ബ്രസീലിന് കൂടുതൽ ഗോൾ നേടുവാൻ കഴിയാതിരുന്നത് നിർഭാഗ്യം കൊണ്ടുമാത്രമാണ്. കാസിയുടെയും, സാൻഡ്രോയുടെമെല്ലാം ഷോട്ടുകൾ പോസ്റ്റിലും ബാറിലും തട്ടിത്തെറിച്ചത് അവർക്ക് തിരിച്ചടിയായി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് 2 ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ 62ആം മിനിറ്റിലാണ് ആദ്യ ഗോളിൻ്റെ പിറവി. നെയ്മറിൻ്റെ ബോക്സിനുള്ളിലേക്ക് ഉള്ള മുന്നേറ്റം അടുത്തെത്തിയപ്പോൾ വിനിഷ്യസ് സെർബിയൻ പോസ്റ്റിലേക്ക് കൺവേർട്ട് ചെയ്തുവിട്ടു. എന്നാൽ ഗോൾകീപ്പർ സാവിച്ച് അതൊരു ഡൈവിലൂടെ രക്ഷപ്പെടുത്തി. പക്ഷേ പന്ത് റീബൗണ്ട് ആയി വന്നത് റിച്ചാർലിസണിൻ്റെ കാലുകളിലേക്ക് ആയിരുന്നു. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലി മാത്രമേ താരത്തിന് ഉണ്ടായിരുന്നുള്ളൂ. സ്കോർ 1-0. ശേഷം ആർകമണം തുടർന്നു കൊണ്ടേയിരുന്ന ബ്രസീൽ 73ആം മിനിറ്റിൽ രണ്ടാം ഗോളും നേടി. ഈ ഗോളും ഒരു വിനി-റിച്ചാ കോംബോയായിരുന്നു. വിനിഷ്യസിൻ്റെ ക്രോസ്സ് ആദ്യ ടച്ചിന് ശേഷം രണ്ടാമത്തെ ടച്ചിൽ ഒരു കിടിലൻ ഫുൾ വോളിയിലൂടെ റിച്ചാർലിസൺ വലയിലെത്തിച്ചു.

അതോടെ ഇരട്ടഗോൾ നേട്ടം സ്വന്തമാക്കാനും താരത്തിനായി. അതിനുശേഷവും ബ്രസീൽ ആക്രമണം തുടർന്നെങ്കിലും കൂടുതൽ ഗോളുകൾ ഒന്നും പിറന്നില്ല. അതേസമയം കാനറിപ്പടയുടെ പോരാട്ടവീര്യത്തിന് മുന്നിൽ കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ സെർബിയയ്ക്ക് കഴിഞ്ഞുള്ളൂ. ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് അടിക്കുവാൻ അവർക്ക് സാധിച്ചില്ല. ഒടുവിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ബ്രസീൽ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ ഗ്രൂപ്പ് എച്ചിലെ ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറുവാൻ ടിറ്റെയ്ക്കും സംഘത്തിനും സാധിച്ചു. തോൽവി വഴങ്ങിയ സെർബിയ അവസാന സ്ഥാനത്താണ്. സ്വിറ്റ്സർലൻഡിനും 3 പോയിൻ്റ് തന്നെയുണ്ടെങ്കിലും ഗോൾവ്യത്യാസത്തിൽ ബ്രസീൽ ആണ് മുമ്പിൽ. ഇനി വരുന്ന 28ആം തീയതി സ്വിറ്റ്സർലൻഡുമായാണ് കാനറികളുടെ അടുത്ത പോരാട്ടം.

Leave a comment