ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാറും എത്തിയേക്കും
ഫോമിലുള്ള മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. കാൽമുട്ടിനേറ്റ പരിക്ക് ഇപ്പോഴും തുടരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് സ്കൈ ടെസ്റ്റ് ടീമിലേക്ക് എത്തുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വൃത്തങ്ങൾ പറയുന്നതനുസരിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഏറ്റവും കുറഞ്ഞ ഫോർമാറ്റിലെ സ്ഥിരതയാർന്ന പ്രകടനം കാരണമാണ് പുതുതായി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയോ ഇന്ത്യൻ ടീം മാനേജ്‌മെന്റോ യാദവിനെ ബംഗ്ലാദേശ് ടെസ്റ്റുകളിൽ തെരഞ്ഞെടുക്കാൻ കാരണമാവുന്നത്.
നേരത്തെ മുൻ ഇന്ത്യൻ പരിശീലകനായിരുന്ന രവി ശാസ്ത്രി സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി വാദിച്ചിരുന്നു. അദ്ദേഹത്തെ റെഡ്-ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്താൻ കഴിവുള്ള ഒരു ‘ത്രീ ഫോർമാറ്റ് കളിക്കാരൻ’ എന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്.
അതേസമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 44.01 ശരാശരിയിൽ 5,000 റൺസ് തികച്ച മുംബൈ ക്രിക്കറ്റ് താരത്തിന് ആഭ്യന്തര ക്രിക്കറ്റിൽ റെഡ്-ബോൾ റെക്കോർഡും ഉണ്ട്. 14 സെഞ്ചുറികളും 26 അർധസെഞ്ചുറികളും സൂര്യകുമാർ യാദവ് തന്റെ പേരിൽ കുറിച്ചിട്ടുണ്ട്. നേരത്തെ ഇംഗ്ലണ്ടിനെതിരായ എവേ സീരീസിനും ന്യൂസിലൻഡിനെതിരായ ഹോം സീരീസിനുമുള്ള ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിന്റെ ഭാഗമായിരുന്നു സൂര്യകുമാർ. എന്നാൽ ഇതുവരെ പ്ലേയിംഗ് ഇലവനിൽ സ്കൈയെ ഉൾപ്പെടുത്തിയിട്ടില്ല. ആയതിനാൽ ഇതുവരെ റെഡ്-ബോൾ ക്രിക്കറ്റിൽ ഔദ്യോഗികമായി സൂര്യക്ക് അരങ്ങേറ്റം കുറിക്കാനുമായിട്ടില്ല. ഇതിനുള്ള അവസരമാണ് ബംഗ്ലാദേശിൽ ഒരുങ്ങുന്നത്.