Foot Ball qatar worldcup Top News

ഖത്തറിൽ അട്ടിമറി തുടരുന്നു; ജർമനിയുടെ കൊമ്പൊടിച്ച് ജപ്പാൻ.!

November 23, 2022

author:

ഖത്തറിൽ അട്ടിമറി തുടരുന്നു; ജർമനിയുടെ കൊമ്പൊടിച്ച് ജപ്പാൻ.!

ഖത്തർ ലോകകപ്പിലെ അട്ടിമറി പരമ്പര തുടരുകയാണ്. ഇന്നലെ കരുത്തരായ അർജൻ്റീനയെ സൗദി അറേബ്യ അട്ടിമറിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ വമ്പന്മാരായ ജർമനിയെ അട്ടിമറിച്ചുകൊണ്ട് ജപ്പാനും കരുത്ത് കാട്ടിയിരിക്കുകയാണ്. ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജർമനി ജപ്പാന് മുമ്പിൽ അടിയറവ് പറഞ്ഞത്. മത്സരത്തിൽ ആദ്യം ലീഡ് നേടിയതിന് ശേഷമാണ് അർജൻ്റീനയുടേതിന് സമാനമായ രീതിയിൽ ജർമനി പരാജയം രുചിച്ചത്. മത്സരത്തിൻ്റെ ആദ്യ പകുതിയുടെ 33ആം മിനിറ്റിൽ ജർമനിക്ക് അനുകൂലമായി പെനൽറ്റി ലഭിക്കുകയുണ്ടായി. കിക്ക് എടുത്തത് ഇകേർ ഗുണ്ടോഗൻ ആയിരുന്നു. താരത്തിന് പിഴച്ചില്ല. സ്കോർ 1-0. ഈയൊരു ഗോളിൻ്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിക്കുവാൻ ജർമനിക്ക് കഴിഞ്ഞു. രണ്ടാം പകുതിയിൽ ആണ് കളി മാറിയത്. 75ആം മിനിറ്റിൽ മിറ്റോമ എടുത്ത ഷോട്ട് ജർമൻ ഗോൾകീപ്പർ ന്യൂയർ തടുത്തിട്ടു. എന്നാൽ റീബൗണ്ട് ആയി വന്ന പന്ത് റിറ്റ്സു ഡൊവാൻ കൃത്യമായി ജർമൻ വലയിൽ പതിപ്പിച്ചു.

അതോടെ മത്സരം 1-1 എന്ന നിലയിലായി. പിന്നീട് വീണ്ടും ലീഡ് നേടുവാൻ ജർമനി ശ്രമിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ജപ്പാൻ അടുത്ത വെടിയും പൊട്ടിച്ചു. 83ആം മിനിറ്റിൽ പിന്നിൽ നിന്നും ഇറ്റാക്കുറ ഉയർത്തി നൽകിയ ലോങ്ബോൾ സ്വീകരിച്ച് ബോക്സിലേക്ക് ഓടിക്കയറിയ അസാനോ ന്യൂയെറിൻ്റെ തലക്ക് മുകളിലൂടെ പന്ത് വലയിലേക്ക് അടിച്ചുകയറ്റി. ജർമൻ ആരാധകരുടെ ഹൃദയമാകും തകർന്നിട്ടുണ്ടാവുക. ജപ്പാൻ മുന്നിലായി. തുടർന്ന് ബാക്കിയുള്ള സമയം ഗോൾ മടക്കുവാനായി ജർമനി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജപ്പാൻ്റെ ചുണക്കുട്ടികൾ അതിനെല്ലാം തടയിടുകയായിരുന്നു. അതോടെ മത്സരം 2-1 എന്ന സ്കോറിന് ജപ്പാൻ പട സ്വന്തമാക്കി. മത്സരത്തിൽ ഭൂരിഭാഗം നേരവും പന്ത് കൈവശം വെച്ചതും ആക്രമിച്ചതും എല്ലാം ജർമനി ആയിരുന്നെങ്കിലും കൂടുതൽ ഗോളുകൾ നേടുവാൻ അവർക്ക് കഴിഞ്ഞില്ല. ഒപ്പം ജാപ്പനീസ് കീപ്പർ ഗൊണ്ടയുടെ മികച്ച സേവുകളും അവർക്ക് വിലങ്ങുതടിയായി. ആദ്യപകുതിയുടെ അവസാന നിമിഷം ഹാവർട്സ് ജർമനിക്ക് ആയി ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്സൈഡ് ആയി മാറി. ജപ്പാനും ഒരുപിടി മികച്ച അവസരങ്ങൾ മത്സരത്തിൽ ലഭിച്ചിരുന്നു. ന്യൂയറിൻ്റെ മിന്നും സേവുകൾ ഇല്ലായിരുന്നെങ്കിൽ കൂടുതൽ ഗോൾ നേടുവാൻ അവർക്ക് സാധിച്ചെനെ.

തുടർച്ചയായ രണ്ടാം ദിവസമാണ് ഖത്തറിൽ അട്ടിമറി പിറക്കുന്നത്. തോറ്റത് ലോകത്തിലെ ഏറ്റവും മികച്ച 2 ടീമുകളും തോൽപ്പിച്ചത് ഏഷ്യയിലെ 2 പുലിക്കുട്ടികളും. എന്തായാലും അപ്രതീക്ഷിത മുഹൂർത്തങ്ങളാണ് ഖത്തറിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇനി സ്പെയിൻ, കോസ്റ്റാറിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ. അതുകൊണ്ടുതന്നെ ജർമനിക്ക് കാര്യങ്ങൾ എളുപ്പമാകില്ല.

Leave a comment