Foot Ball qatar worldcup Top News

ലെവണ്ടോസ്കി പെനാൽറ്റി പാഴാക്കി; മെക്സിക്കോയ്ക്കെതിരെ പോളണ്ടിന് സമനില.!

November 22, 2022

author:

ലെവണ്ടോസ്കി പെനാൽറ്റി പാഴാക്കി; മെക്സിക്കോയ്ക്കെതിരെ പോളണ്ടിന് സമനില.!

ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ മെക്സിക്കോയ്ക്കെതിരെ പോളണ്ടിന് സമനില. സൂപ്പർ താരം ലെവണ്ടോസ്കി പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. ദോഹയിലെ 974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെക്സിക്കോയാണ് കൂടുതൽ ആധിപത്യം പുലർത്തിയത്. അവരുടെ വേഗത്തിലുള്ള മിന്നലാക്രമണങ്ങളെ ഒരു കണക്കിനാണ് പോളിഷ് പട തടുത്ത് നിർത്തിയത്. എന്നാൽ മത്സരത്തിൽ മുന്നിലെത്താനുള്ള ഒരു അവസരം പോളണ്ടിന് ലഭിച്ചതാണ്. മെക്സിക്കൻ താരം മൊറീനോ ലെവണ്ടോസ്കിയെ ബോക്സിൽ വീഴ്ത്തിയതിന് റഫറി വാറിൻ്റെ സഹായത്തോടെ പെനൽറ്റി വിധിക്കുകയായിരുന്നു. പക്ഷെ കിട്ടിയ അവസരം ലെവണ്ടോസ്കി പാഴാക്കി. താരത്തിൻ്റെ കിക്ക് ഒരു മികച്ച സേവിലൂടെ മെക്സിക്കൻ ഗോൾകീപ്പർ ഗ്വില്ലർമോ ഒച്ചോവ തടുത്തിട്ടു. അതോടെ മെക്സിക്കൻ ആരാധകരുടെ ശ്വാസം നേരെ വീണു.

നിരന്തര ആക്രമണങ്ങളിലൂടെ നിരവധി അവസരങ്ങൾ മെക്സിക്കോ തുറന്നെടുത്തെങ്കിലും അവയൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ കഴിയാതെ പോയത് അവർക്ക് തിരിച്ചടിയായി. പോളണ്ട് കൂടുതലും പ്രതിരോധിക്കുന്നതിൻ്റെ തിരക്കിൽ ആയിരുന്നതിനാൽ ആക്രമണത്തിൻ്റെ കാര്യത്തിൽ അവർ അല്പം പിന്നിൽ പോയി. എങ്കിൽപോലും പെനാൽറ്റി ലക്ഷ്യത്തിൽ എത്തിയിരുന്നെങ്കിൽ അവർക്ക് 3 പോയിൻ്റ് സ്വന്തമാക്കാൻ കഴിയുമായിരുന്നു. എന്തായാലും ആരുമാരും ഗോൾ നേടാതെ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഇതോടെ ഒരു പോയിൻ്റുമായി ഇരു ടീമുകളും ടേബിളിൽ 2ഉം 3ഉം സ്ഥാനങ്ങളിൽ ആയിരിക്കുകയാണ്.

Leave a comment