ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയ വനിതാ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയ വനിതാ ടീമിനെ പ്രഖ്യാപിച്ചു. പതിവ് ക്യാപ്റ്റൻ മെഗ് ലാന്നിംഗ് പരമ്പരയിൽ പങ്കെടുക്കാത്തതിനാൽ ക്യാപ്റ്റൻ ചുമതല അലീസ ഹീലി വഹിക്കും. ബാറ്റിംഗ് താരം റേച്ചൽ ഹെയ്‌ൻസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി ഹീലിയെ തെരഞ്ഞെടുത്തിരുന്നു.
ഹീലി നയിക്കുന്ന 16 അംഗ ടീമിനെയാണ് ഓസീസ് തെരഞ്ഞെടുത്തിരിക്കുന്നത്. മുൻ അയർലൻഡ് ഓൾറൗണ്ടർ കിം ഗാർട്ടിനെയും കൗമാര താരമായ ഫെബി ലിച്ച്‌ഫീൽഡിനെയും അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തിയതാണ് ശ്രദ്ധേയമായ കാര്യം.
2023-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ തുടരാൻ ഇരു ടീമുകൾക്കും ഈ പരമ്പര നല്ലൊരു വേദിയാകുമെന്നാണ് വിലയിരുത്തൽ. 2022ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിന്റെ ഫൈനലിൽ ഒമ്പത് റൺസിന്റെ വിജയത്തിന്റെ പിൻബലത്തിൽ ഓസീസ് സ്വർണം നേടിയ കലാശപ്പോരിലാണ് ഈ രണ്ട് ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.
ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീം: അലിസ ഹീലി, താലിയ മഗ്രാത്ത്, ഡാർസി ബ്രൗൺ, നിക്കോള കാരി, ആഷ്‌ലീ ഗാർഡ്‌നർ, കിം ഗാർത്ത്, ഹെതർ ഗ്രഹാം, ഗ്രേസ് ഹാരിസ്, ജെസ് ജോനാസെൻ, അലാന കിംഗ്, ഫീബ് ലിച്ച്‌ഫീൽഡ്, ബേത്ത് മൂണി, എല്ലിസ് പെറി, മേഗൻ ഷട്ട്, അന്നബെൽ സതർലാൻഡ്