EPL 2022 European Football Foot Ball Top News

വില്ലോക്കിൻ്റെ ഗോളിൽ ചെൽസിയെ മറികടന്ന് ന്യൂകാസിൽ.!

November 13, 2022

author:

വില്ലോക്കിൻ്റെ ഗോളിൽ ചെൽസിയെ മറികടന്ന് ന്യൂകാസിൽ.!

ന്യൂകാസിൽ ഒരു ചെറിയ മീനല്ല. ഒടുവിൽ ചെൽസിയേയും അവർ കീഴടക്കിയിരിക്കുന്നു. പ്രീമിയർ ലീഗിൽ ന്യൂകാസിലിൻ്റെ തട്ടകമായ സെൻ്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ ചെൽസിയെ പരാജയപ്പെടുത്തിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഏകഗോൾ പിറക്കുന്നത്. 69ആം മിനിറ്റിൽ ഇംഗ്ലീഷ് താരം ജോ വില്ലോക്ക് ആണ് ആതിഥേയർക്കായി വലകുലുക്കിയത്. അതും ബോക്സിന് വെളിയിൽ നിന്നുമൊരു തകർപ്പൻ ഗോൾ. ആൽമിറോൺ നടത്തിയ മുന്നേറ്റമാണ് ഒടുവിൽ വില്ലോക്കിൻ്റെ ഗോളിൽ കലാശിച്ചത്. ഈയൊരു ഗോളിൽ ലീഡ് എടുത്ത ന്യൂകാസിലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചത് ആതിഥേയർ തന്നെയായിരുന്നു. നിർഭാഗ്യം കൊണ്ട് മാത്രമാണ് അവർക്ക് കൂടുതൽ ഗോൾ നേടുവാൻ കഴിയാതെ പോയത്. അതേ ലഭിച്ച അവസരം ചെൽസിയും പാഴാക്കി. ഒരു ഗോളിനാണ് വിജയിച്ചത് എങ്കിലും മത്സരത്തിൽ ആധിപത്യം പുലർത്തി തന്നെയാണ് ആതിഥേയർ മത്സരം അവസാനിപ്പിച്ചത്.

ന്യൂകാസിൽ എടുത്തതിനു നേരെ പകുതി ഷോട്ടുകൾ മാത്രമാണ് ചെൽസിക്ക് എടുക്കാനായത്. എന്തായാലും ഈയൊരു വിജയത്തോടെ 15 മത്സരങ്ങളിൽ നിന്നും 30 പോയിൻ്റുമായി ടേബിളിൽ 3ആം സ്ഥാനം തിരിച്ചുപിടിക്കാൻ അവർക്ക് സാധിച്ചു. 14 മത്സരങ്ങളിൽ നിന്നും 21 പോയിൻ്റ് മാത്രം നേടാനായ ചെൽസി 8ആം സ്ഥാനത്താണ്. എന്തായാലും ന്യൂകാസിൽ ഒരു ചെറിയ മീനല്ല. ഒരു വമ്പൻ സ്രാവാണ്. അവരുടെ കളി വേറൊരു തലത്തിലേക്ക് വളർന്നു കഴിഞ്ഞു.

Leave a comment