EPL 2022 European Football Foot Ball Top News

ന്യൂനസിൻ്റെ ഇരട്ടഗോൾ മികവിൽ സതാംപ്ടണിനെ തറപറ്റിച്ച് ലിവർപൂൾ.!

November 12, 2022

author:

ന്യൂനസിൻ്റെ ഇരട്ടഗോൾ മികവിൽ സതാംപ്ടണിനെ തറപറ്റിച്ച് ലിവർപൂൾ.!

ഇംഗ്ലീഷ് പ്രീമിയർലീഗിൽ സതാംപ്ടണിനെതിരെ നടന്ന മത്സരത്തിൽ ലിവർപൂളിന് മിന്നും വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വന്തം കാണികൾക്ക് മുന്നിൽ ക്ലോപ്പും സംഘവും വിജയക്കൊടി പാറിച്ചത്. മത്സരം ആരംഭിച്ച് 10 മിനിറ്റ് പൂർത്തിയായപ്പോൾ തന്നെ 2 ഗോളുകളാണ് പിറന്നത്. 6ആം മിനിറ്റിൽ റോബർട്ടോ ഫെർമിനോ ആതിഥേയർക്കായി ലീഡ് നേടി. റോബർട്ട്സൺ എടുത്ത ഫ്രീകിക്കിൽ നിന്നും ഒരു ബാക്ക്ഫ്ലിപ്പ് ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്. എന്നാൽ വെറും 3 മിനിറ്റ് മാത്രമേ ഈയൊരു ലീഡിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ലിവർപൂളിൻ്റെ ഗോളിന് സമാനമായ ഗോൾ തന്നെയായിരുന്നു ഇതും. വാർഡ് പ്രൗസിൻ്റെ ഫ്രീകിക്കിൽ നിന്നും ചെ ആഡംസിൻ്റെ ഹെഡ്ഡർ ഗോൾ. അതോടെ മത്സരം വാശിയേറിയയതായി. തുടർന്ന് 21ആം മിനിറ്റിൽ ന്യൂനസിലൂടെ ലിവർപൂൾ മത്സരത്തിലെ രണ്ടാം ഗോൾ സ്വന്തമാക്കി. എലിയോട്ടിൻ്റെ ക്രോസിൽ നിന്നും ഒരു ഫസ്റ്റ്ടൈം വോളിയിലൂടെയാണ് താരം വലകുലുക്കിയത്. അതോടെ സ്കോർ 2-1 എന്ന നിലയിലായി. അതിന് ശേഷം 42ആം മിനിറ്റിൽ ലിവർപൂൾ അടുത്ത വെടിയും പൊട്ടിച്ചു. ഇടത് പാർശ്വത്തിൽ നിന്നും റോബർട്ട്സൺ നൽകിയ ക്രോസ് ഒരു മികച്ച ഫിനിഷിലൂടെ ന്യൂനസ് വലയിലാക്കുകയായിരുന്നു. അതോടെ ആദ്യ പകുതിക്ക് അവസാനമായി.

തുടർന്ന് രണ്ടാം പകുതിയിൽ സതാംപ്ടൺ കൂടുതൽ ഉണർന്ന് കളിച്ചെങ്കിലും ഗോളുകൾ ഒന്നും നേടുവാൻ അവർക്ക് സാധിച്ചില്ല. ഒപ്പം അലിസണിൻ്റെ മികച്ച സേവുകളും അവർക്ക് വിലങ്ങുതടിയായി. ലീഡ് വർധിപ്പിക്കാൻ ലിവർപൂളും ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. അങ്ങനെ മത്സരം 3-1 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. ഇരട്ടഗോളുകൾ നേടി ഡാർവിൻ ന്യൂനസ് മത്സരത്തിൽ നിറഞ്ഞുനിന്നപ്പോൾ 2 അസിസ്റ്റുകൾ സ്വന്തമാക്കാൻ റോബർട്ട്സണും സാധിച്ചു. ഈയൊരു വിജയത്തോടെ 14 മത്സരങ്ങളിൽ നിന്നും 22 പോയിൻ്റുമായി ടേബിളിൽ 6ആം സ്ഥാനത്തേക്ക് കയറുവാൻ ക്ലോപ്പിനും സംഘത്തിനും കഴിഞ്ഞു. പരാജയം ഏറ്റുവാങ്ങിയ സതാംപ്ടൺ 15 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റുമായി 19ആം സ്ഥാനത്താണ്.

Leave a comment