Foot Ball ISL Top News

ഐ.എസ്.എല്ലിൽ ഇന്ന് ബംഗളുരു എഫ്സി, ഈസ്റ്റ് ബംഗാളുമായി കൊമ്പുകോർക്കും.!

November 11, 2022

author:

ഐ.എസ്.എല്ലിൽ ഇന്ന് ബംഗളുരു എഫ്സി, ഈസ്റ്റ് ബംഗാളുമായി കൊമ്പുകോർക്കും.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് സുനിൽ ഛേത്രിയും സംഘവും തങ്ങളുടെ അഞ്ചാം മത്സരത്തിനായി ഇറങ്ങുകയാണ്. എതിരാളികൾ മറ്റാരുമല്ല, മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കൺസ്റ്റൻ്റൈൻ പരിശീലിപ്പിക്കുന്ന ഈസ്റ്റ് ബംഗാൾ. വൈകിട്ട് 7.30 ന് ബംഗളുരുവിൻ്റെ തട്ടകമായ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. മോശം തുടക്കമാണ് ഈ സീസണിൽ ഇരുടീമുകൾക്കും ലഭിച്ചിട്ടുള്ളത്. നിലവിൽ 4 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി ബംഗളുരു 8ആം സ്ഥാനത്താണ് ഉള്ളത്. 5 മത്സരങ്ങൾ പൂർത്തിയാക്കിയ ഈസ്റ്റ് ബംഗാൾ 3 പോയിൻ്റുമായി 10ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ രണ്ട് ടീമുകൾക്കും അവരുടെ സ്ഥാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് അവരുടെ പ്ലേഓഫ് മോഹങ്ങൾക്ക് മങ്ങൽ ഏൽപ്പിക്കും. അവസാനം കളിച്ച മത്സരത്തിൽ ഇരുടീമുകൾക്കും പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഈയൊരു കാരണംകൊണ്ടു തന്നെ ഒരേ മനോഭാവത്തോടെയാകും ഇരുവരും ഇന്നത്തെ മത്സരത്തെ സമീപിക്കുക.

കഴിഞ്ഞ സീസണുകളിൽ ബംഗളുരു മുന്നേറ്റത്തിൻ്റെ കുന്തമുന ആയിരുന്നു ക്ലെയ്റ്റൺ സിൽവ ഇത്തവണ ഈസ്റ്റ് ബംഗാൾ നിരയിലാണ്. എന്നാൽ ബംഗളുരുവിലെ മികവ് താരത്തിന് ഇവിടെ പുറത്തെടുക്കാൻ കഴിയുന്നില്ല. ഒരുപക്ഷേ അതിനൊത്ത പങ്കാളികൾ ഇല്ലാത്തത് കൊണ്ടാവാം. എന്തായാലും പഴയ ആശാൻ്റെ ടീമുമായി കൊമ്പുകോർക്കാൻ ഒരുങ്ങുമ്പോൾ സുനിൽ ഛേത്രിക്കും സംഘത്തിനും പഴയ ഫോം വീണ്ടെടുക്കുവാൻ കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നുകാണാം.

Leave a comment